കെ.അരവിന്ദ്
പൊതുവെ പോയ വാരം പൊതുവെ വിപണി ചാഞ്ചാട്ടമാണ് പ്രടിപ്പിച്ചത്. അതേ സമയം വിപണിയിലെ മുന്നേറ്റ പ്രവണത തുടരുന്നു. നിഫ്‌റ്റിയുടെ സമ്മര്‍ദ നിലവാരമായ 13,600 പോയിന്റിന് അടുത്തായി വിപണിയുടെ കുതിപ്പിന് കടിഞ്ഞാണ്‍ വീഴുന്ന പ്രവണതയാണ് ഇപ്പോള്‍ കാണുന്നത്.
കോവിഡ് രോഗികളുടെ എണ്ണത്തിലെ വര്‍ധനയും യുഎസ് പുതിയ ഉത്തേജക പദ്ധതി കൊണ്ടുവരുന്നതു സംബന്ധിച്ച അനിശ്ചിതത്വവും ആഗോള വിപണിയില്‍ ലാഭമെടുപ്പിന് വഴിവെച്ചു. അത് ഇന്ത്യന്‍ വിപണിയിലും ചാഞ്ചാട്ടത്തിന് വഴിയൊരുക്കി.
പൊതുമേഖലാ ബാങ്ക് ഓഹരികളും മെറ്റല്‍ ഓഹരികളും മികച്ച പ്രകടനമാണ് കഴിഞ്ഞയാഴ്‌ച കാഴ്‌ച വെച്ചത്. അതേ സമയം നിഫ്‌റ്റി എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തിയെങ്കിലും പല സൂചികാധിഷ്‌ഠിത ഓഹരികളും ആ നിലവാരത്തിലെത്തിയിട്ടില്ല. പൊതുമേഖലാ ബാങ്ക് ഓഹരികള്‍ അവയുടെ ഉയര്‍ന്ന വിലയില്‍ നിന്നും ഇപ്പോഴും ഏറെ താഴെയാണ്.
നിഫ്‌റ്റിക്ക് 11,600ല്‍ ശക്തമായ പ്രതിരോധമുണ്ട്. ഈ നിലവാരത്തില്‍ ലാഭമെടുപ്പ് ദൃശ്യമാകുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. അതേ സമയം 11,600 ലെ പ്രതിരോധം നിഫ്‌റ്റി ഭേദിക്കുകയാണെങ്കില്‍ 14,000 പോയിന്റിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. 13,200ലും 13,000ലുമാണ് നിഫ്‌റ്റിക്ക് താങ്ങുള്ളത്.
നിഫ്‌റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസ് സൂചികയുടെ ഡെറിവേറ്റീവുകള്‍ തുടങ്ങുന്നതായി നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അറിയിച്ചു. ജനുവരി 11 മുതലാണ് നിഫ്‌റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസ് സൂചികയുടെ ഡെറിവേറ്റീവുകളില്‍ വ്യാപാരം ചെയ്യാന്‍ സാധിക്കുക. ഇതിനായുള്ള അനുമതി സെബിയില്‍ നിന്നും എന്‍എസ്‌ഇക്ക് ലഭിച്ചു. നിഫ്‌റ്റി 50 സൂചിക, നിഫ്‌റ്റി ബാങ്ക് സൂചിക എന്നീ രണ്ട് സൂചികകളുടെ ഡെറിവേറ്റീവുകളാണ് നിലവില്‍ ലഭ്യമായിരിക്കുന്നത്.