Web Desk
രാജ്യസഭയിലെ 24 ഒഴിവുള്ള സീറ്റുകളിലെ ഫലം വന്നതൊടെ ലോക്‌സഭക്ക് ഒപ്പം രാജ്യസഭയിലും വലിയ കക്ഷിയായി ബിജെപി. ഇന്നലെ 24 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ നേട്ടം ഉണ്ടാക്കാനായത് ഒഴിച്ചാൽ മറ്റിടങ്ങളിൽ കോൺഗ്രസിന് തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. മലയാളിയും കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയുമായ കെ സി വേണു ഗോപാൽ രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലെത്തി.
ഇതോടെ എൻഡിഎ യുടെ അംഗബലം 111 ആയി. കേന്ദ്രസർക്കാരിനെ പിന്തുണക്കുന്ന ബിജെഡി, വൈഎസ്ആർ കോൺഗ്രസ് തുടങ്ങിയ പാർട്ടികൾക്ക് 30 ൽ അധികം സീറ്റും രാജ്യസഭയിൽ ഉണ്ട്. ഇന്നലെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ മാത്രമാണ് കോൺഗ്രസ് നേട്ടം ഉണ്ടാക്കിയത്. മൂന്ന് സീറ്റിൽ രണ്ടിടത്തും പാർട്ടി വിജയിച്ചു.
ഗുജറാത്തിലെ നാലിൽ മൂന്ന് സീറ്റുകളും ബിജെപി നേടി. ഇവിടെ കോൺഗ്രസ് നഷ്ടമാക്കിയത് രണ്ട് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനുള്ള അവസരമാണ്. മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയും ഡോ. സുമേർ സിംഗ് സോളംങ്കിയും ബിജെപി ടിക്കറ്റിൽ വിജയം നുകർന്നപ്പോൾ മുതിർന്ന കോൺഗ്രസ് നേതാവ് ദ്വിഗ് വിജയസിംഗ് ശേഷിക്കുന്ന ഒരു സീറ്റ് സ്വന്തമാക്കി. കർണാടകയിൽ രണ്ട് സീറ്റ് ബിജെപി നേടിയപ്പോൾ ഒരു സീറ്റ് ജെഡിഎസിലെ ദേവഗൗഡയും അടുത്തത് കോൺഗ്രസിലെ മല്ലികാർജ്ജുൻ ഖാർഗേയും തിരഞ്ഞെടുക്കപ്പെട്ടു. ആന്ധ്രാപ്രദേശിലെ നാല് സീറ്റുകളും സ്വന്തമാക്കി വൈഎസ്ആർ കോൺഗ്രസ് രാജ്യസഭയിലെ ശക്തി വർധിപ്പിച്ചു. അരുണാചൽ പ്രദേശിലെ ഒരു സീറ്റ് ബിജെപി നേടിയപ്പോൾ ജാർഖണ്ഡിലെ ഒരു സീറ്റിൽ ബിജെപി യും രണ്ടാമത്തെ സീറ്റിൽ ജെഎംഎമ്മിന്റെ ഷിബു സോറനും വിജയിച്ചു. രാഷ്ട്രീയ അനിശ്ചിത്വം തുടരുന്ന മണിപ്പൂരിലെ സീറ്റും ബിജെപിക്കാണ്. മേഘാലയയിൽ നിന്ന് എൻപിപി സ്ഥാനാർത്ഥി രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.