മുംബൈ: ഇന്നലത്തെ നേട്ടം നിലനിര്‍ത്താനാകാതെ ഓഹരി വിപണി വീണ്ടും കടുത്ത ചാഞ്ചാട്ടത്തിന് അടിപ്പെട്ടു. സെന്‍സെക്‌സ് 599 പോയിന്റും നിഫ്‌റ്റി 160 പോയിന്റും നഷ്‌ടം രേഖപ്പെടുത്തി. ഉയര്‍ന്ന നിലവാരത്തിലെ ലാഭമെടുപ്പാണ് വിപണി നഷ്‌ടത്തിലാകാന്‍ കാരണം.
ശക്തമായ ചാഞ്ചാട്ടത്തിനൊടുവിലാണ് വിപണി നഷ്‌ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത്. രാവിലെ വ്യാപാരം തുടങ്ങിയത് നേട്ടത്തോടെയായിരുന്നുവെങ്കിലും പിന്നീട് നഷ്‌ടത്തിലേക്ക് നീങ്ങുകയായിരുന്നു.
40,000 പോയിന്റിലെ താങ്ങ് നിലവാരത്തിനു താഴേക്ക് സെന്‍സെക്‌സ് ഇടിഞ്ഞു. സെന്‍സെക്‌സ് 39,922 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്. 40,664 പോയിന്റ് വരെ ഉയര്‍ന്നിരുന്നു. 39,774 പോയിന്റാണ് ഇന്നത്തെ താഴ്‌ന്ന വ്യാപാര നില.
നിഫ്‌റ്റി 11,800 പോയിന്റിലെ താങ്ങ് ഭേദിച്ച് ഇടിയുകയാണ് ചെയ്‌തത്. 11,929 പോയിന്റ് വരെ ഉയര്‍ന്നെങ്കിലും ശക്തമായ ചാഞ്ചാട്ടത്തിനൊടുവില്‍ 160 പോയിന്റ് നഷ്‌ടം നേരിടുകയായിരുന്നു. 11,685 പോയിന്റ് വരെ ഇടിയുകയും ചെയ്‌ത നിഫ്‌റ്റി 11,730 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് നഷ്‌ടം രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 41 ഓഹരികള്‍ നഷ്‌ടത്തിലായപ്പോള്‍ 9 ഓഹരികള്‍ മാത്രമാണ് ലാഭത്തിലായത്. ഭാരതി എയര്‍ടെല്‍, യുപിഎല്‍, മഹീന്ദ്ര & മഹീന്ദ്ര, ഏയ്‌ഷര്‍ മോട്ടോഴ്‌സ്, ഹീറോ മോട്ടോഴ്‌സ് എന്നിവയാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ഭാരതി എയര്‍ടെല്‍ 3.38 ശതമാനം നേട്ടം രേഖപ്പെടുത്തി. ഭാരതി എയര്‍ടെല്‍ കരകയറ്റത്തിന്റെ പാതയിലാണെന്ന സൂചനകളാണ് ഓഹരി വിലയിലെ കുതിപ്പിന് വഴിയൊരുക്കിയത്. വിവിധ ബ്രോക്കറേജുകള്‍ കമ്പനിയെ അപ്‌ഗ്രേഡ് ചെയ്‌തതും മുന്നേറ്റത്തിന് അനുകൂലമായ ഘടകമായി.
ബാങ്ക് ഓഹരികളാണ് ഇന്ന് കനത്ത നഷ്‌ടം നേരിട്ടത്. നിഫ്‌റ്റി ബാങ്ക് സൂചിക 2.17 ശതമാനം നഷ്‌ടം നേരിട്ടു. ഒരു മേഖലയും ഇന്ന് നേട്ടം രേഖപ്പെടുത്തിയില്ല. എച്ച്‌ഡിഎഫ്‌സി, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, അദാനി പോര്‍ട്‌സ്, ഡോ.റെഡ്‌ഢീസ് ലാബ് എന്നിവയാണ് ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ഈ ഓഹരികള്‍ 3 ശതമാനത്തിലേറെ ഇടിഞ്ഞു.