ഓഹരി വിപണിയിലെ ഇടിവ് തുടര്‍ക്കഥയാകുന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസവും ഓഹരി വിപണി ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 1145 പോയിന്റ് ഇടിവാണ് നേരിട്ടത്. 50,000 പോയിന്റിന് താഴേക്ക് ഇടിഞ്ഞ സെന്‍സെക്‌സ് ആ നിലവാരത്തില്‍ തന്നെയാണ് ക്ലോസ് ചെയ്‌തത്.
കരടികള്‍ പിടിമുറുക്കുന്നതാണ് ഈയാഴ്‌ചത്തെ ആദ്യത്തെ വ്യാപാരദിനമായ ഇന്ന് കണ്ടത്. വ്യാപാര വേളയിലെ അവസാന മണിക്കൂറില്‍ താങ്ങുനിലപാരമായ 14,650 പോയിന്റിന് താഴേക്ക് ഇടിഞ്ഞ നിഫ്‌റ്റി 14,675ലാണ് ക്ലോസ് ചെയ്‌തത്. നിഫ്‌റ്റി 306 പോയിന്റ് ഇടിഞ്ഞു.
ആഗോള സൂചനകളും രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം പെരുകുന്നുവെന്ന വാര്‍ത്തകളുമാണ് വിപണിയെ ഇന്ന് രണ്ട് ശതമാനം ഇടിവിലേക്ക് നയിച്ചത്. നിഫ്‌റ്റി മെറ്റല്‍ സൂചിക ഒഴികെയുള്ള എല്ലാ മേഖലകളും തിരുത്തല്‍ നേരിട്ടു. നിഫ്‌റ്റി മീഡിയാ സൂചിക യാണ് ഏറ്റവും ശക്തമായ ഇടിവ് നേരിട്ടത്- 3.4 ശതമാനം.
ഐടി, റിയാല്‍റ്റി, പൊതുമേഖലാ ബാങ്ക്, ഫാര്‍മ സൂചികകള്‍ രണ്ടര ശതമാനത്തിലേറെ നഷ്‌ടം രേഖപ്പെടുത്തി. ബാങ്ക് നിഫ്‌റ്റി 35,500 പോയിന്റിലുള്ള താങ്ങ് ഭേദിച്ച് ഇടിഞ്ഞു. 35,257ലാണ് ബാങ്ക് നിഫ്‌റ്റി ക്ലോസ് ചെയ്‌തത്. ബാങ്ക് നിഫ്‌റ്റി ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 2500 പോയിന്റിലേറെയാണ് ഇടിഞ്ഞത്.
എന്‍എസ്‌ഇയിലെ 1388 ഓഹരികള്‍ നഷ്‌ടം നേരിട്ടപ്പോള്‍ 561 ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്.