മുംബൈ: ഓഹരി വിപണി ഇന്ന് നേട്ടമില്ലാതെ വ്യാപാരം അവസാനിപ്പിച്ചു. തുടര്‍ച്ചയായ നാല് ദിവസത്തെ ഇടിവിന് ശേഷം ഇന്നലെ തിരികെ കയറിയ ഓഹരി വിപണി ഇന്ന് രാവിലെ നേട്ടം രേഖപ്പെടുത്തിയെങ്കിലും പിന്നീട് അത് നിലനിര്‍ത്താനായില്ല. 50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ സെന്‍സെക്സ് 24 പോയിന്റ് ഇടിഞ്ഞപ്പോള്‍ 30 ഓഹരികള്‍ ഉള്‍പ്പെട്ട നിഫ്റ്റി ആറ് പോയിന്റ് നേട്ടം രേഖപ്പെടുത്തി.
37,663 പോയിന്റിലാണ് സെന്‍സെക്സ് ഇന്ന് ക്ലോസ് ചെയ്തത്. 38,139.96 പോയിന്റ് വരെ രാവിലെ ഉയര്‍ന്ന സെന്‍സെക്സ് അതിനുശേഷം 500 പോയിന്റോളം ഇടിയുകയായിരുന്നു. 11,225.65 പോയിന്റ് വരെ ഉയര്‍ന്ന നിഫ്റ്റി 11,120ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഹിന്‍ഡാല്‍കോ, ടാറ്റാ സ്റ്റീല്‍, ഏയ്ഷര്‍ മോട്ടോഴ്സ്, അദാനി പോര്‍ട്സ്, ടാറ്റാ മോട്ടോഴ്സ് എന്നിവയാണ് ഏറ്റവും നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്റ്റി ഓഹരികള്‍. മെറ്റല്‍, ഓട്ടോ ഓഹരികളാണ് ഇന്ന് പ്രധാനമായും നേട്ടമുണ്ടാക്കിയത്. പ്രമുഖ മെറ്റല്‍ ഓഹരികളായ ഹിന്‍ഡാല്‍കോ 8.65 ശതമാനവും ടാറ്റ സ്റ്റീല്‍ 6.66 ശതമാനവുമാണ് ഇന്ന് ഉയര്‍ന്നത്. നിഫ്റ്റി മെറ്റല്‍ സൂചിക 4.22 ശതമാനം ഉയര്‍ന്നു. ഹിന്‍ഡാല്‍കോ മാര്‍ച്ചിലെ താഴ്ന്ന വിലയില്‍ നിന്നും 100 ശതമാനത്തിലേറെയാണ് നാലര മാസം കൊണ്ട് ഉയര്‍ന്നത്.
നിഫ്റ്റി ഓട്ടോ സൂചിക ഇന്ന് 2.12 ശതമാനം ഉയര്‍ന്നു. ഏയ്ഷര്‍ മോട്ടോഴ്സ് 4.37 ശതമാനവും ടാറ്റാ മോട്ടോഴ്സ് 3.63 ശതമാനവും ഉയര്‍ന്നു. ഓട്ടോ കമ്പനികള്‍ ജൂലായില്‍ മികച്ച വില്‍പ്പനയാണ് കൈവരിച്ചത്.
ജൂലൈയില്‍ യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ അപ്രതീക്ഷിതമായ കരകയറ്റമാണ് ഉണ്ടായത്. ലോക്ഡൗണ്‍ ഘട്ടങ്ങളായി പിന്‍വലിച്ചതോടെ വാഹന വില്‍പ്പന ഉയരുകയായിരുന്നു. ജൂലായിലെ കാര്‍ വില്‍പ്പന കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഉണ്ടായിരുന്നതിന് ഏതാണ്ട് തുല്യമാണ്.
1.97 ലക്ഷം കാറുകളാണ് ജൂലൈയില്‍ വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലേതിനേക്കാള്‍ വില്‍പ്പനയില്‍ ഒരു ശതമാനം കുറവ് മാത്രമാണുണ്ടായത്. ചില കമ്പനികള്‍ കഴിഞ്ഞ വര്‍ഷം ജൂലൈയിലുണ്ടായിരുന്നതിനേക്കാള്‍ മികച്ച വില്‍പ്പന കൈവരിച്ചു. ജൂണിലുണ്ടായിരുന്ന വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ വര്‍ധന 69 ശതമാനമാണ്. ഈ വര്‍ധന ഓട്ടോ കമ്പനികളുടെ ഓഹരി വിപണിയിലെ പ്രകടനത്തിലും പ്രതിഫലിച്ചു.
യുപിഎല്‍, എച്ച്ഡിഎഫ്സി ലൈഫ്, പവര്‍ഗ്രിഡ്, എച്ച്ഡിഎഫ്സി ബാങ്ക്, വിപ്രോ എന്നിവയാണ് നിഫ്റ്റിയിലെ ഏറ്റവും നഷ്ടം നേരിട്ട 5 ഓഹരികള്‍.