മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ അഞ്ചാമത്തെ ദിവസവും ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 535 പോയിന്റും നിഫ്‌റ്റി 150 പോയിന്റും ഇടിഞ്ഞു. സെന്‍സെക്‌സ് 47,000ന് താഴേക്കും നിഫ്‌റ്റി 13,900ന് താഴേക്കും ഇടിവ് നേരിട്ടു. വില്‍പ്പന സമ്മര്‍ദത്തിന് ഒടുവില്‍ സെന്‍സെക്‌സ് 46874.36ലും നിഫ്‌റ്റി 30358.30ലുമാണ് ഇന്ന് ക്ലോസ് ചെയ്‌തത്.
പ്രതികൂലമായ ആഗോള സൂചനകളെ തുടര്‍ന്ന് നഷ്‌ടത്തോടെയാണ് ഓഹരി വിപണി വ്യാപാരം ആരംഭിച്ചത്. ശക്തമായ ഇടിവ് 13,700ന് അടുത്തേക്ക് നിഫ്‌റ്റിയെ ഒരു ഘട്ടത്തില്‍ എത്തിച്ചു. അതേ സമയം താഴ്‌ന്ന നിലവാരത്തില്‍ നിന്നും തിരിച്ചുകയറിയത് 13,800ന് മുകളിലായി ക്ലോസ് ചെയ്യാന്‍ സഹായകമായി. അഞ്ച് വ്യാപാര ദിനങ്ങള്‍ കൊണ്ട് 1000 പോയിന്റിലേറെയാണ് നിഫ്‌റ്റി ഇടിഞ്ഞത്.
ഇന്നത്തെ ഏറ്റവും താഴ്‌ന്ന നിലവാരമായ 13,713ല്‍ നിന്നും 104 പോയിന്റ് ഉയര്‍ന്നാണ് നിഫ്‌റ്റി ക്ലോസ് ചെയ്‌തത്. 13,700 നിലവാരത്തില്‍ ശക്തമായ താങ്ങ് നിഫ്‌റ്റിക്ക് ലഭിച്ചു. ബാങ്ക് നിഫ്‌റ്റി ഇന്നത്തെ താഴ്‌ന്ന നിലവാരത്തില്‍ നിന്നും 700 പോയിന്റ് ഉയര്‍ന്നാണ് ക്ലോസ് ചെയ്‌തത്. 29,687 പോയിന്റ് വരെ ഇടിഞ്ഞ ബാങ്ക് നിഫ്‌റ്റി 30,358ലാണ് ക്ലോസ് ചെയ്‌തത്.
നിഫ്‌റ്റിയിലെ 50 ഓഹരികളില്‍ 33ഉം ഇന്ന് ഇട്‌വ് നേരിട്ടു. നിഫ്‌റ്റി ബാങ്ക് ഇന്‍ഡക്‌സ് ഒഴികെ എല്ലാ മേഖലകളും നഷ്‌ടം രേഖപ്പെടുത്തി. നിഫ്‌റ്റി ഐടി, റിയല്‍ എസ്റ്റേറ്റ് സൂചികകള്‍ രണ്ട് ശതമാനത്തിലേറെ ഇടിഞ്ഞു.
വിപ്രോ, മാരുതി സുസുകി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നീ ഓഹരികള്‍ 3 ശതമാനത്തിലേറെ ഇടിഞ്ഞു. നിഫ്‌റ്റി ഓഹരികളില്‍ ആക്‌സിസ് ബാങ്ക് ആണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയത്. ആക്‌സിസ് ബാങ്ക് 5 ശതമാനത്തിലേറെ ഉയര്‍ന്നു.