മുംബൈ: ഓഹരി വിപണിയില്‍ തുടര്‍ച്ചയായ നാലാം ദിവസവും ഇടിവ്. സെന്‍സെക്സ് ഇന്ന് 667 പോയിന്റാണ് ഇടിഞ്ഞത്. തുടര്‍ച്ചയായി നാലാ ദിവസം ഇടിവ് നേരിട്ട സെന്‍സെക്സ് ഏകദേശം 1500 പോയിന്റാണ് ഈ ദിവസങ്ങളില്‍ ഇടിഞ്ഞത്. 36,939 പോയിന്റിലാണ് സെന്‍സെക്സ് ക്ലോസ് ചെയ്തത്. 36,911.23 പോയിന്റ് വരെ സെന്‍സെക്സ് ഇടിഞ്ഞിരുന്നു.
181 പോയിന്റ് ഇടിഞ്ഞ നിഫ്റ്റി 10,891ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 10,882.25 വരെ ഒരു ഘട്ടത്തില്‍ ഇടിയുകയും ചെയ്തു. 10,800ല്‍ നിഫ്റ്റിക്ക് ശക്തമായ താങ്ങുണ്ട്. ഇത് ഭേദിക്കുകയാണെങ്കില്‍ നിഫ്റ്റി കൂടുതല്‍ ഇടിവ് നേരിടാന്‍ സാധ്യതയുണ്ട്. ബാങ്കിംഗ് ഓഹരികള്‍ ശക്തമായ ഇടിവ് നേരിട്ടു. മൊറട്ടോറിയം നീട്ടുന്നതു സംബന്ധിച്ച് നീക്കം നടത്തുന്നതായുള്ള സൂചനകളാണ് ബാങ്കിംഗ് ഓഹരികളെ പ്രതികൂലമായി ബാധിച്ചത്. നിഫ്റ്റി ബാങ്ക് സൂചിക 2.33 ശതമാനം ഇടിഞ്ഞു. ബന്ദന്‍ബാങ്ക് പത്തര ശതമാനം ഇടിവ് നേരിട്ടു.
ടാറ്റാ മോട്ടോഴ്സ്, ടൈറ്റാന്‍, ടാറ്റാ സ്റ്റീല്‍, ഏയ്ഷര്‍ മോട്ടോഴ്സ്, ബിപിസിഎല്‍ എന്നിവയാണ് ഏറ്റവും നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്റ്റി ഓഹരികള്‍. ടാറ്റാ മോട്ടോഴ്സ് ഏഴ് ശതമാനം നേട്ടമുണ്ടാക്കി. പ്രതീക്ഷിച്ചതിനേക്കാള്‍ ഭേദപ്പെട്ട ഒന്നാം ത്രൈമാസ ഫലവും ജൂലൈയിലെ മികച്ച വില്‍പ്പനയുമാണ് ടാറ്റാ മോട്ടോഴ്സിന്റെ ഓഹരി വില ഉയരാന്‍ കാരണമായത്.
യുപിഎല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്സി ലൈഫ്, കോട്ടക്ക് മഹീന്ദ്ര ബാങ്ക്, ഒഎന്‍ജിസി എന്നിവയാണ് നിഫ്റ്റിയിലെ ഏറ്റവും നഷ്ടം നേരിട്ട 5 ഓഹരികള്‍. യുപിഎല്‍ അഞ്ചര ശതമാനം ഇടിഞ്ഞു.
കഴിഞ്ഞ മാസം ഓഹരി വിപണിയുടെ കുതിപ്പില്‍ പ്രധാന പങ്ക് വഹിച്ച റിലയന്‍സ് ഇന്റസ്ട്രീസ് 2.90 ശതമാനം ഇടിഞ്ഞു. സെന്‍സെക്സില്‍ 300 പോയിന്റിന്റെ ഇടിവ് റിലയന്‍സിന്റെ മാത്രം സംഭാവനയാണ്.