തിരുവനന്തപുരം: റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി വരുത്തുന്നതില്‍ മന്ത്രിമാര്‍ വിയോജിച്ചെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് മന്ത്രി എ.കെ ബാലന്‍.’മുഖ്യമന്ത്രിക്കും സെക്രട്ടറിമാര്‍ക്കും കൂടുതല്‍ അധികാരം’ എന്ന തലക്കെട്ടില്‍ ഒരു പ്രമുഖ പത്രം 10-10-2020 ന് ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത അടിസ്ഥാനരഹിതമാണ്. നിയമസഭയുടെ നടപടിക്രമങ്ങള്‍ പോലെ തന്നെ കാബിനറ്റ് ഉള്‍പ്പെടുന്ന ഭരണനിര്‍വഹണ സംവിധാനത്തിനും (എക്‌സിക്യൂട്ടീവ്) നടപടിക്രമങ്ങളുണ്ട്. നിയമസഭയുടെ നടപടിക്രമങ്ങള്‍ നിയമസഭ തന്നെ രൂപം കൊടുക്കുന്ന റൂള്‍സ് ഓഫ് പ്രൊസീഡ്യൂര്‍ അനുസരിച്ചാണ് നടത്തുന്നത്. ഭരണനിര്‍വഹണ സംവിധാനത്തിന്റെ നടപടിക്രമങ്ങളെയാണ് റൂള്‍സ് ഒഫ് ബിസിനസ് എന്നു പറയുന്നത്. ഭരണഘടനയുടെ 166-ാം അനുഛേദപ്രകാരം ഗവര്‍ണറാണ് റൂള്‍സ് ഓഫ് ബിസിനസ് രൂപപ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
റൂള്‍സ് ഓഫ് ബിസിനസിന് രണ്ട് ഭാഗങ്ങളുണ്ട്. ഏതെല്ലാം തലത്തിലാണ് ഗവണ്മെന്റിന്റെ ബിസിനസ് തീര്‍പ്പ് കല്‍പ്പിക്കേണ്ടത്, ഗവര്‍ണര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവര്‍ക്ക് നല്‍കേണ്ട വിഷയങ്ങള്‍ ഏതൊക്കെ, എതെല്ലാം വിഷയങ്ങള്‍ കൗണ്‍സിലില്‍ വെക്കണം എന്നീ കാര്യങ്ങളാണ് റൂള്‍സ് ഓഫ് ബിസിനസിന്റെ ഒന്നാം ഭാഗത്തിലുള്ളത്. സര്‍ക്കാരിന്റെ മൊത്തം വകുപ്പുകളുടെ ലിസ്റ്റും ആ വകുപ്പുകള്‍ക്ക് എങ്ങനെയാണ് നിലവിലുള്ള വിഷയങ്ങള്‍ വീതിച്ചു കൊടുത്തിരിക്കുന്നതും എന്നതാണ് രണ്ടാം ഭാഗത്തിലുള്ളത്.
റൂള്‍സ് ഓഫ് ബിസിനസിന്റെ ഒന്നാം ഭാഗത്തില്‍ ഭേദഗതി വരുത്തിയിട്ട് 20 വര്‍ഷത്തിലധികമായി. രണ്ടാം ഭാഗത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. റൂള്‍സ് ഓഫ് ബിസിനസില്‍ കാലോചിതമായ ഭേദഗതികള്‍ അനിവാര്യമായി വരാറുണ്ട്. ഉദാഹരണമായി കോവിഡ്- 19 ന്റെ പ്രത്യേക സാഹചര്യത്തില്‍ മന്ത്രിസഭാ യോഗം ഓണ്‍ലൈനായി ചേരുന്നു. ഇതിന് നിലവിലുള്ള റൂള്‍സ് ഓഫ് ബിസിനസില്‍ വ്യവസ്ഥയില്ല. ധനകാര്യ വകുപ്പുമായി ആലോചിക്കേണ്ട വിഷയങ്ങളിലെ തുകയുടെ പരിധി 20 വര്‍ഷം മുമ്പ് നിശ്ചയിച്ചതാണ്. അത് കാലോചിതമായി ഉയര്‍ത്തേണ്ടതുണ്ട്. കാലഹരണപ്പെട്ട ചില സംജ്ഞകള്‍ ഒഴിവാക്കേണ്ടതുണ്ട്. ചില തസ്തികകള്‍ ഒഴിവാക്കേണ്ടതുണ്ട്. പുതിയ കാലത്തിന്റെ ആവശ്യമനുസരിച്ച് പുതിയ തസ്തികകള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഭരണത്തിന് വേഗത കൂട്ടാനും കൂടുതല്‍ സുതാര്യമാക്കാനും ആവശ്യമായ ഭേദഗതികളാണ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.
റൂള്‍സ് ഓഫ് ബിസിനസില്‍ കാലോചിതമായി വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് ഔദ്യോഗിക തലത്തില്‍ തയാറാക്കിയ ഭേദഗതിയുടെ കരടാണ് കാബിനറ്റിനു മുന്നില്‍ വന്നത്. കാബിനറ്റ് ആ കരട് സബ് കമ്മിറ്റിയുടെ പരിശോധനക്കായി വിട്ടു. സബ് കമ്മിറ്റി ആ കരട് പരിശോധിച്ച് കാബിനറ്റിനു മുന്നില്‍ വെക്കും. കാബിനറ്റ് അംഗീകരിച്ചാണ് അത് ഗവര്‍ണര്‍ക്ക് അയക്കുക. ഗവര്‍ണര്‍ അംഗീകരിച്ചാല്‍ മാത്രമേ റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി ഭരണഘടനാപരമായി പ്രാബല്യത്തില്‍ വരികയുള്ളൂ. ഇത് നിയമസഭ പരിഗണിക്കേണ്ടതില്ല.
ഭേദഗതി സംബന്ധിച്ച് കാബിനറ്റ് സബ് കമ്മറ്റി അന്തിമമായ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. അത് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. സബ് കമ്മിറ്റി റിപ്പോര്‍ട്ട് അന്തിമമായി തയാറാകുന്നതുവരെ ഇത്തരം മുന്‍വിധികളും സങ്കല്‍പങ്ങളും തീര്‍ത്തും അയഥാര്‍ഥമാണ്. മന്ത്രിമാര്‍ വിയോജിച്ചു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. മുഖ്യമന്ത്രിയില്‍ അധികാരം കേന്ദ്രീകരിക്കാന്‍ പോകുന്നുവെന്ന പരാമര്‍ശം മുഖ്യമന്ത്രിയെ അപമാനിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ്.
അടുത്ത കാലത്തായി ഗവണ്മെന്റിനും മുഖ്യമന്ത്രിക്കുമെതിരായി മാധ്യമങ്ങള്‍ പൊതുവില്‍ നടത്തിവരുന്ന പ്രചാരണരീതിയുടെ തുടര്‍ച്ചയാണിത്. ഇതുമായി ബന്ധപ്പെട്ട ഒരു വസ്തുതയും മനസ്സിലാക്കാതെ പ്രതിപക്ഷ നേതാവ് പ്രതികരിച്ചതുകൊണ്ടാണ് ഇത്രയും കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വന്നത്. വസ്തുതാപരമല്ലാത്ത ഒരു വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് പ്രതികരിച്ചത് ഉചിതമായില്ലെന്നും മന്ത്രി പറഞ്ഞു.

















