സംസ്ഥാനം കേന്ദ്രത്തിനയച്ച കത്ത് പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്. ഇഎംസിസി കമ്പനിയുടെ യോഗ്യത തേടി കത്തയച്ചത് 2019 ഒക്ടോബര്‍ മൂന്നിനാണ്. പദ്ധതി സംബന്ധിച്ചുള്ള തയ്യാറെടുപ്പുകള്‍ സര്‍ക്കാര്‍ നേരത്തെ തുടങ്ങി. കഴിഞ്ഞ മാസമാണ് ഇത് സംബന്ധിച്ചറിഞ്ഞതെന്ന് മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണ്. മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഒരു ദിവസം ഒന്നിലധികം കള്ളം പറയുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
മത്സ്യബന്ധന പദ്ധതി വിവാദത്തില്‍ സര്‍ക്കാര്‍ കുറ്റം സമ്മതിച്ചു. ധാരണാപത്രം റദ്ദാക്കുമെന്നുള്ള സൂചന അതിന്റെ ഫലമാണ്. ട്രോളര്‍ നിര്‍മാണ ധാരണാപത്രം മാത്രമല്ല, ഭൂമി നല്‍കിയതും റദ്ദാക്കണം. പ്രതിപക്ഷം ഇത് കണ്ടെത്തിയില്ലെങ്കില്‍ മന്ത്രിസഭ ഉത്തരവിറക്കുമായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.
സഭയില്‍വെച്ച ധാരണാപത്രം ഒപ്പുവെച്ച പദ്ധതികളുടെ പട്ടികയില്‍ മത്സ്യബന്ധന പദ്ധതിയില്ല. വ്യവസായ മന്ത്രി രേഖയില്‍ നിന്ന് ഇത് മറച്ചുവെച്ചതാണോ എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അതോ പിന്നീട് പദ്ധതി തിരുകിക്കയറ്റിയതാണോ എന്നും മന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.











