ന്യൂഡൽഹി: ചൈനയുമായി അതിർത്തിയിൽ സംഘർഷം പുകയുന്നതിനിടെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സിക്കിമിലെ ഇന്ത്യൻ സൈന്യത്തിനൊപ്പം ഇന്ന് ആയുധപൂജ നടത്തും. ചൈനീസ് അതിർത്തിക്കടുത്ത് വിന്യസിച്ചിരിക്കുന്ന സൈനിക യൂണിറ്റിനൊപ്പമാണ് അദ്ദേഹം ആയുധപൂജ നടത്തുന്നത്. സൈന്യത്തിന്റെ മനോവീര്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമാണിത്. ഇന്ത്യക്ക് ഔദ്യോഗികമായി ലഭിച്ച ആദ്യ റാഫേൽ യുദ്ധവിമാനത്തിൽ ഫ്രാൻസിലായിരുന്നു കഴിഞ്ഞവർഷത്തെ അദ്ദേഹത്തിന്റെ ആയുധപൂജ.
പശ്ചിമബംഗാളിലും സിക്കിമിലും സന്ദർശനം നടത്തുകയാണ് രാജ്നാഥ് സിംഗ് ഇപ്പോൾ. സിക്കിം അതിർത്തിയിലെ സൈനിക വിന്യാസം അദ്ദേഹം കഴിഞ്ഞദിവസം അവലോകനം ചെയ്തു. ഡാർജിലിംഗിലെ സൈനിക ആസ്ഥാനവും അദ്ദേഹം സന്ദർശിച്ചിരുന്നു. ‘രാജ്യത്തിന്റെ അതിർത്തികൾ സുരക്ഷിതമാണ്. ഇന്ത്യ എല്ലായ്പ്പോഴും അയൽരാജ്യങ്ങളുമായി നല്ല ബന്ധം ആഗ്രഹിക്കുന്നവരാണ്. അതിനുളള ശ്രമമാണ് എപ്പോഴും നടത്തുന്നത്. എന്നാൽ നമ്മുടെ അതിർത്തികൾ കാത്തുസൂക്ഷിക്കുകതന്നെ ചെയ്യും.
അതിർത്തികാക്കുന്നതിനിടെ നിരവധി ജവാന്മാർക്ക് ജീവത്യാഗം ചെയ്യേണ്ടിവന്നിട്ടുണ്ട്. ഗൽവാനിൽ 20 ജവാന്മാരാണ് മാതൃരാജ്യത്തെ സംരക്ഷിക്കാൻ ജീവത്യാഗം ചെയ്തത്. നിങ്ങൾ കാരണം നമ്മുടെ രാജ്യവും അതിർത്തികളും സുരക്ഷിതമാണ്-സൈനികരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മന്ത്രിക്കൊപ്പം കരസേനാമേധാവിയും ഉണ്ടായിരുന്നു. ലഡാക്ക് മേഖലയാണ് ചൈനയുമായി നിലവിലുളള അതിർത്തിസംഘർഷത്തിന്റെ കേന്ദ്രബിന്ദു.