ചെന്നൈ: പാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ 31ന് ഉണ്ടാകുമെന്ന് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് അറിയിച്ചതോടെ സ്വാഗതം ചെയ്ത് ബിജെപി. രജനികാന്തുമായി സഖ്യത്തിന് തയാറാണെന്നും ബിജെപി വക്താവ് പറഞ്ഞു.രജനിയുടെയും ബിജെപിയുടെയും ആശയങ്ങള്‍ ഒരുമിച്ച് പോകുന്നതാണ്. രജനി പിന്തുണയ്ക്കുമെന്നാണ് കരുതുന്നതെന്നും ബിജെപി വക്താവ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ബിജെപി മുന്‍ നേതാവാണ് രജനിയുടെ പാര്‍ട്ടിയുടെ ചീഫ് കോര്‍ഡിനേറ്റര്‍. മുന്‍ നേതാവായ അര്‍ജുന മൂര്‍ത്തിയാണ് ചീഫ് കോര്‍ഡിനേറ്റര്‍. തമിഴ്‌നാട്ടില്‍ അദ്ഭുതങ്ങള്‍ സംഭവിക്കുമെന്നും ഭരണം പിടിക്കുമെന്നും രജനികാന്ത് വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി പ്രഖ്യാപനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പില്‍ തങ്ങള്‍ തീര്‍ച്ചയായും വിജയിക്കും. സത്യസന്ധവും സുതാര്യവും അഴിമതിരഹിതവും, ആത്മീയവുമായ രാഷ്ട്രീയമാണ് തങ്ങളുടെ വാഗ്ദാനം. അവിടെ ജാതിയും മതവും വര്‍ഗവുമുണ്ടാകില്ല. അദ്ഭുതങ്ങള്‍ സംഭവിക്കും. തമിഴ്‌നാട്ടിലെ ജനങ്ങളുടെ നന്‍മയ്ക്കായി ജീവന്‍ ത്യജിക്കാന്‍ പോലും താന്‍ തയാറാണ്. ജയിച്ചാല്‍ അത് ജനങ്ങളുടെ വിജയമാണ്. തോറ്റാല്‍ അത് ജനങ്ങളുടെ പരാജയവും പാര്‍ട്ടി പ്രഖ്യാപനത്തിനുശേഷം രജനികാന്ത് പറഞ്ഞു.
രജനികാന്തിന്റെ നേതൃത്വത്തിലുള്ള പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ 31നാണ് നടക്കുക. താരം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. 2021 ജനുവരി മാസത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കുമെന്നും രജനി അറിയിച്ചിട്ടുണ്ട്.
രജനിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. അമിത് ഷായും ആര്‍എസ്എസ് നേതൃത്വവും ഇടപെട്ടിട്ടും അദ്ദേഹം ബിജെപിയുമായി കൈകോര്‍ക്കാന്‍ തയാറായിരുന്നില്ല. എന്നാല്‍ അഭ്യൂഹങ്ങള്‍ എല്ലാം അവസാനിപ്പിച്ച് വര്‍ഷാവസാനം പാര്‍ട്ടി രൂപീകരിക്കുമെന്ന് താരം ഒടുവില്‍ പ്രഖ്യാപിച്ചു.











