വിക്രമിനെ നായകനാക്കി ‘കര്‍ണന്‍’ എന്ന സിനിമ ചിത്രീകരിക്കുന്നതിന് മുന്‍പ് ‘ധര്‍മരാജ്യ’ എന്ന പേരില്‍ മറ്റൊരു ചരിത്ര സിനിമ കൂടി സംവിധായകന്‍ ആര്‍.എസ് വിമല്‍ പ്രഖ്യാപിച്ചിരുന്നു. തിരുവിതാംകൂര്‍ രാജ്യത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമ ‘75% വെര്‍ച്വല്‍ പ്രൊഡക്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുമെന്ന് സംവിധായകന്‍ അറിയിച്ചു.
‘ലണ്ടനിലെ ഒരു വലിയ സ്റ്റുഡിയോയിലാണ് ചിത്രീകരണം. ഗ്രീന്‍ സ്‌ക്രീനിന് പകരം എല്‍ഇഡി സ്‌ക്രീനുകളാണ് ഉപയോഗിക്കുക. ഇതില്‍ പശ്ചാത്തലം പ്രദര്‍ശിപ്പിച്ച് കൊണ്ടാകും ചിത്രീകരണം.ഉദാഹരണത്തിന്, ഒരു യുദ്ധമാണ് ചിത്രീകരിക്കുന്നതെങ്കില്‍ യോദ്ധാക്കള്‍ സെറ്റില്‍ ഉണ്ടാകും,എന്നാല്‍ പശ്ചാത്തലം സ്‌ക്രീനില്‍ കാണിക്കും. അതുപോലെ, ഞങ്ങള്‍ ഒരു നദിയുടെ തീരത്ത് ഒരു യുദ്ധരംഗം ചിത്രീകരിക്കുകയാണെങ്കില്‍, ആയുധങ്ങളുള്ള നായകനും അവന്റെ സൈനികരും മാത്രമേ സ്റ്റുഡിയോയില്‍ ഉണ്ടാകൂ. നദിയും എതിര്‍ കരയിലുള്ള വനവും സ്‌ക്രീനില്‍ കാണിക്കും.’-സംവിധായകന്‍ പറഞ്ഞു.
‘തിരുവിതാംകൂര്‍ ചരിത്രത്തിലെ കഥകളും കഥാപാത്രങ്ങളും പ്രചോദനം ഉള്‍ക്കൊണ്ട ഒരു സാങ്കല്‍പ്പിക കഥയാണ് ‘ധര്‍മരാജ്യ’. ഇതൊരു രാജകീയ പ്രതികാര നാടകമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സ്‌ക്രിപ്റ്റ് തയ്യാറാക്കിയിരുന്നു. കോവിഡ് കാരണം മറ്റ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനായില്ല. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ എല്ലാ ഭാഷയിലെ താരങ്ങളും അഭിനയിക്കുന്നുണ്ട്. മലയാളത്തിന്റെ സൂപ്പര്‍താരമാണ് പ്രധാനവേഷത്തിലെത്തുക.’-വിമല്‍ പറഞ്ഞു.
മണിരത്‌നം ഒരുക്കുന്ന ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ തിരക്കിലാണ് വിക്രം. ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാണ് മഹാവീര്‍ കര്‍ണയുടെ ഷൂട്ട് ആരംഭിക്കുക. ഈ ചിത്രത്തിലെ രണ്ട് സീനുകള്‍ വെര്‍ച്വല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാകുമെന്ന് വിമല്‍ പറഞ്ഞു.

















