തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഒക്ടോബർ- നവംബർ മാസങ്ങളിലെ മുഴുവൻ പി.എസ്.സി പരീക്ഷകളും മാറ്റിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ സർക്കാരിനോട് ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം രൂക്ഷമായിട്ടും പരീക്ഷ നടത്താനുള്ള സർക്കാരിന്റെയും പി.എസ്.സിയുടേയും തീരുമാനം ഉദ്യോഗാർത്ഥികളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
പൊതുഗതാഗത സംവിധാനങ്ങൾ പൂർണ്ണമായും പുനസ്ഥാപിക്കപ്പെടാത്ത സാഹചര്യത്തിൽ ജില്ലയ്ക്ക് പുറത്തുപോയി പരീക്ഷ എഴുതാനുള്ള ഉദ്യോഗാർത്ഥികളുടെ പ്രയാസം സർക്കാർ മനസിലാക്കണം. ഉദ്യോഗാർത്ഥികളിൽ ഭൂരിഭാഗം പേരും സ്ത്രീകളാണെന്നിരിക്കെ ചാടികയറി പരീക്ഷ നടത്തുന്നത് സുരക്ഷിതമായിരിക്കില്ല. കണ്ടെയിൻമെന്റ് സോണുകളിലെ ഉദ്യോഗാർത്ഥികൾക്ക് എങ്ങനെയാണ് പരീക്ഷാ കേന്ദ്രങ്ങളിൽ എത്താനാവുകയെന്നും അദ്ദേഹം ചോദിച്ചു. ഒക്ടോബർ- നവംബർ മാസങ്ങളിൽ നടത്താൻ നിശ്ചയിച്ച അസിസ്റ്റൻഡ് പ്രൊഫസർ, എൽ.പി,യു.പി സ്കൂൾ ടീച്ചർ പരീക്ഷകൾ ഉൾപ്പെടെ എല്ലാ പരീക്ഷകളും മാറ്റിവെക്കാൻ സർക്കാർ തയ്യാറാവണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.