കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വീണ്ടും തിരിച്ചടി. ഒരു എംഎല്‍എ കൂടി തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. സില്‍ഭദ്ര ദത്തയാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ ബംഗാളിലെത്താനിരിക്കെയാണ് സില്‍ഭദ്ര ദത്ത രാജിവെച്ചത്. മമതാ ബാനര്‍ജിയും കേന്ദ്രവും തമ്മിലുളള ശീതയുദ്ധം മുന്നോട്ട് പോകുമ്പോഴാണ് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ തിരിച്ചടി ഉണ്ടായിരിക്കുന്നത്.
മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരി വ്യഴാഴ്ച പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചിരുന്നു. സുവേന്ദു അധികാരിയെ പിന്തുണയ്ക്കുന്ന പത്ത് തൃണമൂല്‍ എംഎല്‍എമാര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. സുവേന്ദു കൂടുതല്‍ നേതാക്കളെ ഒപ്പം കൂട്ടി ബിജെപിയില്‍ ചേര്‍ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മമത ബാനര്‍ജി തൃണമൂല്‍ നേതാക്കളുടെ അടിയന്തര യോഗം വിളിച്ചിരുന്നു. ഇതിനിടെയാണ് സില്‍ഭദ്ര ദത്തയുടെ രാജി.











