യുഎസിൽ വീണ്ടും പോലീസിന്റെ വംശവെറി. കറുത്തവർഗക്കാരനു നേരെ മക്കളുടെ മുന്നിൽവെച്ച് എട്ടു തവണ പോലീസ് വെടിയുതിർത്തു. ജേക്കബ് ബ്ലേയ്ക്ക് (29) എന്ന യുവാവാണ് വിസ്കൊണ്സിനിലെ കെനോഷയിൽ പോലീസിന്റെ ക്രൂരതയ്ക്ക് ഇരയായത്.
അരയ്ക്കുകീഴെ തളർന്ന ബ്ലേയ്ക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മെയ് 25ന് കറുത്ത വർഗക്കാരനായ ജോർജ് ഫ്ളോയിഡിനെ കഴുത്തിൽ കാൽമുട്ടുകൊണ്ട് അമർത്തി പോലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രതിഷേധം കെട്ടടങ്ങും മുമ്പേയാണ് ബ്ലേയ്ക്കിനെതിരായ ആക്രമണം. ഇതോടെ അമേരിക്കൻ തെരുവുകൾ വീണ്ടും ബ്ലാക്ക്സ് ലൈവ്സ് മാറ്റർ പ്രതിഷേധങ്ങളാൽ നിറഞ്ഞിട്ടുണ്ട്.












