ന്യൂഡല്‍ഹി: രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പ് ആശയവുമായി ബന്ധപ്പെട്ട് ഒറ്റ വോട്ടര്‍ പട്ടിക എന്ന നിര്‍ദേശം മുന്നോട്ടുവച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. നിയമസഭ, ലോക്‌സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിലേക്കെല്ലാം ഒറ്റ വോട്ടര്‍ പട്ടിക എന്ന ആശയത്തിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഈമാസം ആദ്യം യോഗം ചേര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.
പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ മിശ്രയുടെ അധ്യക്ഷതയില്‍ ഒഗസ്റ്റ് 13-ന് ചേര്‍ന്ന യോഗത്തില്‍ രണ്ട് പ്രധാന കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 243 k, 243-z എന്നിവ ഭേദഗതി ചെയ്ത് രാജ്യത്തിനാകെ ഒറ്റ ഇലക്ടറല്‍ റോള്‍ തയ്യാറാക്കുക, സംസ്ഥാന സര്‍ക്കാരുകളോട് സംസ്ഥാന നിയമങ്ങള്‍ ലഘൂകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടിക തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിക്കുക എന്നിവയായിരുന്നു യോഗത്തിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍.
നിലവില്‍ തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്കായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് സ്വന്തം വോട്ടര്‍പട്ടിക തയ്യാറാക്കാനുള്ള അധികാരം ഉണ്ട്. കേരളം, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഒഡീഷ, അസം, മധ്യപ്രദേശ്, ഒഡീഷ, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ് എന്നിവ സ്വന്തമായി വോട്ടര്‍ പട്ടികയുള്ള സംസ്ഥാനങ്ങളാണ്. എന്നാല്‍ രാജ്യത്ത് ഭൂരിഭാഗം സംസ്ഥാനങ്ങളും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടികയാണ് തദ്ദേശ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്.
അതേസമയം വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ നടപടികളിലേക്ക് കടക്കുന്നതിന് മുന്‍പ് സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാന്‍ കാബിനറ്റ് സെക്രട്ടറിക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.