സുധീര്‍ നാഥ്
വിനോദയാത്ര പോയിട്ടുണ്ടോ..? യാത്രയില്‍ എല്ലാവരും കൈ കൊട്ടി പാട്ടുകള്‍ പാടിയിട്ടില്ലേ….? ജാഥകളും സമരങ്ങളും കാണാത്തവരുണ്ടാകില്ല. അവിടേയും എല്ലാവരും ഒരേ താളത്തില്‍ പാട്ട് പാടുകയോ മുദ്രാവാക്യങ്ങള്‍ താളത്തില്‍ വിളിക്കുന്നതും കേട്ടിരിക്കും. വലിയൊരു വസ്തു ഒരിടത്തു നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റുന്ന അവസരത്തില്‍ തൊഴിലാളികള്‍ താളത്തില്‍ എന്തെങ്കിലും പാടുക പതിവാണ്. അതില്‍ പ്രശസ്തം ഒത്തു പിടിച്ചാല്‍ മലയും പോരും… ഹേലയ്യ…ഹേലയ്യ…. എന്നിങ്ങനെയാണ്. ക്യഷിയിടങ്ങളില്‍ കൂട്ടമായി പണിയെടുക്കുന്നവര്‍ വായ്ത്താരി പാടാറുണ്ട്. നമ്മുടെ നാട്ടില്‍ പ്രചാരമുള്ള മിക്ക നാടന്‍ പാട്ടുകളും ഇത്തരത്തിലുള്ളതാണ്. വള്ളംകളിക്ക് വള്ളം തുഴയുന്ന അവസരത്തില്‍ തുഴക്കാര്‍ വഞ്ചി പാട്ടാണ് പാടുന്നത്. എന്തുകൊണ്ടാണ് അവരൊക്കെ അങ്ങിനെ ഒരുമിച്ച് താളം പിടിച്ച് പാടുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ…? ആയാസം കുറയ്ക്കാനും, സ്വയം ഊര്‍ജ്ജസ്വലനാകുന്നതിനും കൂട്ടായ്മ ഉണ്ടാകാനും ഇത് ഉപകരിക്കും. ഉത്സാഹത്തോടും കൂട്ടായും ആവേശത്തോടെ ഒത്തൊരുമയോടെ പാടുന്ന പാട്ടുകള്‍ക്ക് ജനങ്ങളെ തമ്മിലിണക്കാന്‍ സാധിക്കുന്നു. നമ്മുടെ പൂര്‍വ്വീകന്‍മാരായ ഋഷിമാരും കവികളും കൂട്ടായ്മയ്ക്കായി ഒട്ടേറെ ക്യതികള്‍ രചിച്ചിട്ടുണ്ട്. അവയൊക്കെതന്നെ ജനങ്ങളെ ഉദ്ബോദിക്കാനും ദേശാഭിമാനബോധം വളര്‍ത്തുവാനും കാരണമായിട്ടുണ്ട്.
പലതരം ഭാഷകളും, വേഷങ്ങളും, സംഗീതവും, സംസ്ക്കാരവും ഇഴകി ചേര്‍ന്ന രാഷ്ട്രമാണ് നമ്മുടെ ഭാരതം. എന്നാല്‍ ജനങ്ങളുടെ വികാരവും അഭിലാഷങ്ങളും ഏതാണ്ട് ഒന്നുതന്നെയാണ്. അവരെ ഏകോപിപ്പിക്കുന്നതിന് സമുഹഗാനങ്ങള്‍ക്ക് വലിയ പങ്കാണ് ഉള്ളത്. സ്വതന്ത്ര സമരകാലത്ത് ഇത്തരത്തിലുള്ള കൂട്ടായ്മയ്ക്കും, പ്രദേശം, ഭാഷ, സമൂഹം തുടങ്ങിയ അതിര്‍വരമ്പുകള്‍ സ്യഷ്ടിക്കുന്ന പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കാന്‍ സംഗീതത്തിന് കഴിഞ്ഞു. നമ്മള്‍ അതിനെ ദേശഭക്തിഗാനങ്ങള്‍ എന്ന് പേരിട്ടു.
ഇന്ത്യന്‍ കോണ്‍സ്റ്റിറ്റ്യൂവന്റ് അസംബ്ലിയാണ് ജനഗണ മന… എന്ന് തുടങ്ങുന്ന ഗാനത്തെ ദേശീയഗാനമായി അംഗീകരിച്ചത്. വന്ദേമാതരത്തെ ദേശീയ ഗീതമായും അംഗീകരിച്ചു. ഇന്ത്യയുടെ ആദ്യ പ്രസിഡന്റ് ഡോക്ടര്‍ രാജേന്ദ്ര പ്രസാദാണ് 1950 ജനുവരി 24ന് ഇത് രണ്ടും പ്രഖ്യാപിക്കുന്നത്. 1947 ആഗസ്റ്റ് 14 അര്‍ദ്ധരാത്രി ആരംഭിച്ച ചരിത്രപരമായ ആദ്യ പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചത് വന്ദേമാതരം പാടിയും സമാപിച്ചത് ജനഗണമന പാടിയുമായിരുന്നു. 52 സെക്കന്റാണ് ജനഗണമന പാടുന്നതിന് എടുക്കേണ്ട ഔദ്യോഗിക സമയം. ചില അവസരങ്ങളില്‍ ആദ്യത്തേയും അവസാനത്തേയും രണ്ട് വരികള്‍ മാത്രം പാടി 20 സെക്കന്‍റില്‍ ദേശീയ ഗാനം പാടാറുമുണ്ട്.
നമ്മുടെ ദേശീയ ഗാനം
ജനഗണ മന അധിനായക ജയ്ഹേ
ഭാരത് ഭാഗ്യ വിധാതാ
പഞ്ചാബ് സിന്ധു ഗുജറാത്ത് മറാഠാ
ദ്രാവിഡ ഉത്കല്‍ ബംഗാ
വിന്ധ്യഹിമാചല്‍ യമുനാ ഗംഗാ
ഉച്ഛല്‍ ജലധിതരംഗാ
തവ ശുഭ് നാമേജാഗേ
തവ ശുഭ് ആശിഷ് മാംഗേ
ഗാഹേ തവജയ ഗാഥാ
ജന ഗണ മംഗല്‍ദായക് ജയ്ഹേ
ഭാരത് ഭാഗ്യവിധാതാ
ജയ്ഹേ, ജയ്ഹേ, ജയ്ഹേ,
ജയ് ജയ് ജയ്ഹേ…
1911 ഡിസംബര്‍ 27ന് കല്‍ക്കത്തയില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍സ്സ്രിന്റെ രണ്ടാം ദിവസത്തെ ദേശീയ സമ്മേളനത്തില്‍ രവീന്ദ്രനാഥ് ടാഗോര്‍ അടക്കമുള്ള ഒട്ടേറെ കവികളെ ക്ഷണിച്ച് വരുത്തി കവിതകള്‍ ചൊല്ലിച്ചിരുന്നു. ടാഗോറിന്റെ ബന്ധുവായ സരളാദേവി ചൗദുറാണിയും കുറേ കുട്ടികളും ടാഗോറിന്‍റെ കൂടെ ആദ്യമായി ജനഗണമന… എന്നു തുടങ്ങുന്ന കവിത ചൊല്ലി. കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് ബിഷന്‍ നാരാവന്‍ ധാര്‍, ഭൂപേന്ദ്രനാഥ് ബോസ്, അംബികാ ചരണ്‍ മസുംദാര്‍ തുടങ്ങിയ നേതാക്കളും മുഖ്യ അതിഥിയായി ബ്രിട്ടീഷ് ഭരണാധികാരിയായ ജോര്‍ജ്ജും സാക്ഷിയായി അവിടെ ഉണ്ടായിരുന്നു. മുഖ്യ അതിഥിയായ ബ്രിട്ടീഷ് ഭരണാധികാരിയെ പുകഴ്ത്തുന്ന കവിതയാണെന്ന ആക്ഷേപവും ജനഗണമനയ്ക്ക് ഉണ്ടായിരുന്നു. 1912 ജനുവരിയില്‍ പുറത്തിറങ്ങിയ ബ്രഹ്മസമാജിന്റെ തട്ട്വബോധിനി പത്രിക എന്ന പ്രസിദ്ധീകരണത്തില്‍ ആദ്യമായി ടാഗോറിന്‍റെ ജനഗണ മന… എന്നു തുടങ്ങുന്ന കവിത ഭാരത വിധാതാ എന്ന തലക്കെട്ടില്‍ അച്ചടിച്ചു വന്നു. ഇന്ത്യയുടെ തലസ്ഥാനം കല്‍ക്കത്തയില്‍ നിന്ന് ദില്ലിയിലേയ്ക്ക് മാറ്റുന്ന തീരുമാനത്തെ എതിര്‍ത്ത് സമരം ചെയ്തിരുന്നവര്‍ ജാഥകളിലും മറ്റും വ്യാപകമായി ജനഗണമന എന്ന കവിത പാടിയിരുന്നു. അഞ്ച് ഭാഗങ്ങളായുള്ള കവിതയുടെ ആദ്യഭാഗമാണ് ദേശീയഗാനമായി തിരഞ്ഞെടുത്തതും നമ്മള്‍ മനഃപാഠമാക്കിയിട്ടുള്ളതും.
മറ്റൊരു രസകരമായ കാര്യം രവീന്ദ്രനാഥ ടാഗോറാണ് ബംഗ്ലാദേശിന്റെ ദേശീയ ഗാനം എഴുതിയത്.
അമര്‍ സൊനാര്‍ ബംഗ്ലാ
അമി തെമായ് ബാലോ ബാഷി….
എന്നാണ് ബംഗ്ലാദേശിന്റെ ദേശീയ ഗാനം ആരംഭിക്കുന്നത്. രണ്ട് രാജ്യങ്ങളുടെ ദേശീയഗാനം എഴുതിയത് ടാഗോര്‍ തന്നെ എന്നത് എടുത്ത് പറയേണ്ട ഒന്നാണ്.
നമ്മുടെ ദേശീയ ഗീതം
വന്ദേ മാതരം, വന്ദേ മാതരം,
സുജലാം സുഫലാം മലയജ ശീതളാം
സസ്യ ശ്യാമളാം മാതരം വന്ദേമാതരം
ശുഭ്ര ജ്യോത്സ്നാ പുളകിതയാമിനീം
ഫുല്ല കുസുമിതദ്രുമദല ശോഭിനീം
സുഹാസിനീം സുമധുര ഭാഷിണീം
സുഖദാം വരദാം മാതരം
വന്ദേ മാതരം, വന്ദേ മാതരം
എന്ന് തുടങ്ങുന്ന ഗാനം ബങ്കം ചന്ദ്ര ചതോപാധ്യായയുടെ (1838 1894) അനന്ദോമോത് എന്ന ബംഗാളി നോവലില്‍(1882) നിന്നുള്ള ഒരു കവിതാ ശകലമാണ്. ഭാരതമാതാവിന്റെ സ്നേഹവും സ്വതന്ത്രത്തോടുള്ള ആവേശവും മുറ്റി നില്‍ക്കുന്ന നോവലായിരുന്നു അനന്തോമോത്. 1875ല്‍ കല്‍ക്കത്തയില്‍ നിന്ന് സ്വന്തം ഗ്രാമത്തിലേയ്ക്ക് തീവണ്ടിയില്‍ യാത്ര ചെയ്യുന്ന അവസരത്തിലാണ് ബങ്കം ചന്ദ്ര കവിത എഴുതിയത്. പിന്നീട് അത് നോവലിന്‍റെ ഭാഗമാക്കുകയായിരുന്നു. 1896ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ സമ്മേളനത്തില്‍ ആദ്യമായി വന്ദേമാതരം രവീന്ദ്രനാഥ് ടാഗോറാണ് പാടുന്നത്. ദക്കീനാ ചരണ്‍ സങ്ങ് 1901ലും സരളാദേവി 1905ലും കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ വന്ദേമാതരം പാടുകയുണ്ടായി. ലാലാ ലജ്പത് റായി വന്ദേ മാതരം എന്ന പ്രസിദ്ധീകരണം ലാഹോറില്‍ നിന്നും ആരംഭിച്ചു. വന്ദേ മാതരം, വന്ദേ മാതരം എന്ന വരികള്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സമരത്തിന് ആവേശം പകര്‍ന്ന മുദ്രാവാക്യമായി പിന്നീട് മാറി. 1907 ആഗസ്റ്റ് 22ാം തിയതി ഇന്ത്യന്‍ സ്വതന്ത്രസമര പതാക ബിക്കാജി കാമ ഉയര്‍ത്തിയപ്പോള്‍ പതാകയുടെ നടുവിലെ മഞ്ഞ ഭാഗത്ത് വന്ദേ മാതരം എന്ന് രേഖപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ ദേശീയ പതാകയുടെ ആദ്യ രൂപമായിരുന്നു അവിടെ ഉയര്‍ന്നത്.
സാരേ ജഹാം സേ അച്ഛാ
മലയാള ദേശഭക്തി ഗാനം പോലെ പ്രശസ്തമാണ് എം ഇക്ബാല്‍ എഴുതി പണ്ഡിറ്റ് രവിശങ്കര്‍ സംഗീതം പകര്‍ന്ന സാരേ ജഹാം സെ അച്ഛാ എന്ന് തുടങ്ങുന്ന ഉര്‍ദു ഗാനം.
സാരേ ജഹാം സെ അച്ഛാ
ഹിന്ദോസ്താം ഹമാരാ
ഹംബുള്‍ബുളേം ഹൈം ഇസ്കീ
യോഗുലീസ്താം ഹമാരാ
പര്‍ബത്വോ സബ്സേ ഊഞ്ചാ
ഹംസായാ ആസ്മാം കാ
വോ സന്തരീ ഹമാരാ
വോ പാസ്ബാം ഹമാരാ
ഗോദീമേം ഖേല്‍തീഹൈം
ഇസ്കീ ഹസാരോം നദിയാം
ഗുല്‍ഷന്‍ ഹൈ ജിന്‍കേദംസേ
രശ്കേ ജിനാം ഹമാരാ
മസ്ഹബ് നഹീം സിഖാതാ
ആപസ്മേം ബൈര്‍ രഖ്നാ
ഹിന്ദീ ഹൈം വതന്‍ഹൈ
ഹിന്ദോസ്താം ഹമാരാ….
(ഈ ഗാനത്തിന്റെ അര്‍ത്ഥം ഇങ്ങനെയാണ്. ലോകത്തില്‍ മറ്റേത് ദേശത്തേക്കാള്‍ മികച്ചതാണ് നമ്മുടെ ഭാരതം പക്ഷികളും പൂക്കളുമുള്ള പൂങ്കാവനമാകുന്ന ഭാരതത്തിലെ ജനങ്ങളാണ് നമ്മള്‍. ആകാശത്തോളം ഉയര്‍ന്നുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ നമ്മുടെ സംരക്ഷകരാണ്. ആയിരമായിരം നദികള്‍ അതിന്റെ മടിയില്‍ ചാഞ്ചാടുകയും അവിടുത്തെ പൂങ്കാവനങ്ങള്‍ സ്വര്‍ഗ്ഗത്തെ പോലും അതിശയിപ്പിക്കുകയും ചെയ്യുന്നു. മതസൗഹാര്‍ദ്ദമാണ് നാം പഠിക്കുന്നത്. നാമെല്ലാം ഭാരതീയരും ഭാരതം നമ്മുടേതുമാകുന്നു.)
മലയാളത്തിലെ സ്വാതന്ത്ര്യ സമരഗാനങ്ങള്‍
മലയാള ഭാഷയില്‍ ഒട്ടേറെ സ്വാതന്ത്ര്യ സമരഗാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവയില്‍ പലതും അപ്രശസ്തര്‍ എഴുതിയതാണ്. പല ഗാനങ്ങളിലും സാഹിത്യാംശം കുറവാണെങ്കിലും ജനങ്ങളില്‍ ആവേശമുണ്ടാകാന്‍ ഉതകുന്ന വരികളും ഈണങ്ങളുമുണ്ടായിരുന്നു. വള്ളത്തോളിന്റെ പതാകഗാനമായ ഈ വഞ്ചിപ്പാട്ട് അക്കാലത്ത് സമരരംഗത്തുള്ളവര്‍ പാടി നടക്കുമായിരുന്നു.
പോരാ പോരാ നാളില്‍ നാളില്‍ ദൂരദൂരമുയരട്ടെേ
ഭാരതാക്ഷ്മാദേവിയുടെ ത്യപ്പതാകകള്‍
ആകാശപ്പൊയ്കയില്‍ പ്പുതുതാകുമലയിളകട്ടേ:
ലോകബന്ധുഗതിക്കുറ്റ മാര്‍ഗ്ഗം കാട്ടട്ടെ!
അംശി നാരായണപിള്ളയുടെ വരിക വരിക എന്ന് തുടങ്ങുന്ന മാര്‍ച്ചിങ്ങ് ഗാനം അതിനേക്കാള്‍ ഒട്ടും മോശമല്ലാത്ത പ്രശസ്തി നേടിയ ഒന്നായിരുന്നു.
വരിക വരിക സഹജരേ!
വലിയ സഹന സമരമായ്
കരളുറച്ചു കൈകള്‍ കോര്‍ത്തു
കാല്‍ നടയ്ക്ക് പോകനാം.
കണ്‍ തുറന്നു നോക്കുവിന്‍
കൈകള്‍ കോര്‍ത്തിറങ്ങുവിന്‍
കപടകുടിലഭരണകൂടമി
ക്ഷണം തകര്‍ക്ക നാം… (വരിക വരിക …)
വൈക്കം ഗുരുവായൂര്‍ സത്യാഗ്രഹങ്ങളില്‍ പങ്കെടുത്തിട്ടുള്ള കേശവപിള്ള എന്ന ബോധേശ്വരന്‍ ഒട്ടേറെ സ്വതന്ത്ര്യസമരഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. കവയത്രി സുഗതകുമാരിയുടെ പിതാവാണ് കവി. അദ്ദേഹത്തിന്റെ പ്രശസ്തമായ കവിതകളില്‍ ഒന്ന് ഇങ്ങനെ തുടങ്ങുന്നു.
ഉണരുവിന്‍! എണീക്കുവിന്‍! അണിനിരന്നുകൊള്ളുവിന്‍!
രണത്തിനുള്ള കാഹളം ശ്രവിച്ചിടിന്‍ മനോഹരം!
സ്വതന്ത്രമായ് സ്വതന്ത്രമായ് സ്വതന്ത്രമായി ഭാരതം
സ്വതന്ത്രമായി കേരളം സ്വതന്ത്രമായ് സമത്വവും!
പ്രമുഖ സ്വതന്ത്രസമര സേനാനിയായ കേരളീയന്‍ കവിയും പത്രാധിപരുമായിരുന്നു. അദ്ദേഹത്തിന്റെ പല രചനകളും സ്വതന്ത്രസമര അണികള്‍ക്ക് ആവേശമുണ്ടാക്കിയിട്ടുണ്ട്. കേരളീയന്റെ വരു കവിത ഇങ്ങനെയാണ് തുടങ്ങുന്നത്….
വിട്ടയക്ക ! വിട്ടയക്ക, ഗാന്ധി നെഹ്റു വീരരേ!
വട്ടം ഞങ്ങള്‍ കൂട്ടട്ടെ, ജപ്പാനേച്ചതയ്ക്കുവാന്‍
ജാപ്പു ഫാഷിസത്തെിനെ മുരടറത്തുവീഴ്ത്തുവാന്‍,
ആകവേയണിനിരന്നു കുതറിയതിനോടേല്ക്കുവാന്‍!….
മലയാളസിനിമയിലെ ദേശഭക്തി ഗാനങ്ങള്‍
മലയാള സിനിമാഗാന ശാഖയിലും നിരവധി ദേശഭക്തി ഗാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. സിനിമയേക്കാള്‍ പ്രശസ്തമായിരുന്നു ചിലഗാനങ്ങള്‍ തന്നെ. മലയാള സിനിമയില്‍ അന്‍പതിലേറെ ദേശഭക്തിഗാനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവയില്‍ ഏറെ പ്രശസ്തമായ നാല് പാട്ടുകള്‍ ഇവയാണ്.
ജയ ജയ ജയ ജന്‍മഭൂമി
ജയ ജയ ജയ ഭാരത ഭൂമി.
ആകാശഗംഗയൊഴുകി വന്ന ഭൂമി
ശ്രീക്യഷ്ണഗീതയമ്യതു തന്ന ഭൂമി
വേദാന്തസാര വിഹാര പുണ്യഭൂമി
ഭാസുരഭൂമി പുണ്യഭൂമി! (ജയ ജയ ജയ…)
സ്നേഹത്തിന്‍ കുരിശുമാല ചാര്‍ത്തിയ ഭൂമി
ത്യാഗത്തിന്‍ നബിദിനങ്ങള്‍ വാഴ്ത്തിയ ഭൂമി
ശ്രീ ബുദ്ധ ധര്‍മ്മ പതാക നിര്‍ത്തിയ ഭൂമി
പാവന ഭൂമി ഭാരത ഭൂമി… (ജയ ജയ ജയ…)
സ്വാതന്ത്ര്യധര്‍മ്മ കര്‍മ്മഭൂമി
സത്യത്തിന്‍ നിത്യഹരിത ധന്യഭൂമി
സംഗീതന്യത്തവിലാസ രംഗഭൂമി
ഭാസുരഭൂമി ഭാരതഭൂമി…! (ജയ ജയ ജയ…)
ചിത്രം: സ്ക്കൂള്‍ മാസ്റ്റര്‍, രചന : വയലാര്‍ രാമവര്‍മ്മ, സംഗീത സംവിധാനം : ദേവരാജന്‍ മാഷ്
ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍
കേവലമൊരുപിടി മണ്ണല്ല
ജന കോടികള്‍ നമ്മെ നാമായ് മാറ്റിയ
ജന്മഗ്യമല്ല… (ഭാരതമെന്നാല്‍…)
വിരുന്നു വന്നവര്‍ ഭരണംപറ്റി
മുടിഞ്ഞു പണ്ടീ വീടാകെ
വീടു പുതുക്കിപ്പണിയുംവരെയും
വിശ്രമമില്ലിനിമേല്‍
തുടങ്ങി വെച്ചു നാമൊരു കര്‍മ്മം
തുഷ്ടിതുളുമ്പും ജീവിത ധര്‍മ്മം
സ്വതന്ത്രഭാരത വിശാലഹര്‍മ്മ്യം
സുന്ദരമാകും നവകര്‍മ്മം… (ഭാരതമെന്നാല്‍…)
ഗ്രാമം തോറും നമ്മുടെ പാദം
ക്ഷേമം വിതറി നടക്കട്ടെ
കൂരകള്‍തോറം നമ്മുടെ കൈത്തിരി
കൂരിരുള്‍ കീറിമുറിക്കട്ടെ
അടിപതറാതീജനകോടികള്‍ പുതു
പുലരിയിലേയ്ക്കു കുതിക്കട്ടെ
അലസതയരുതേ നമ്മുടെ ലക്ഷ്യം
അരികെ യരികെ യരികെ…. (ഭാരതമെന്നാല്‍…)
ചിത്രം : ആദ്യ കിരണങ്ങള്‍, രചന : പി ഭാസ്കരന്‍, സംഗീത സംവിധാനം : രാഘവന്‍ മാഷ്
ശില്‍പികള്‍ നമ്മള്‍
ഭാരത ശില്‍പികള്‍ നമ്മള്‍
ഉണരും നവയുഗ വസന്തവാടിയില്‍
വിടര്‍ന്ന പുഷ്പങ്ങള്‍ വിടര്‍ന്ന പുഷ്പങ്ങള്‍
കവീന്ദ്ര രവീന്ദ്രഗാനനദങ്ങള്‍
കനകം ചൊരിയും ഭൂമി
ബക്കീംചന്ദ്ര പ്രതിഭയുണര്‍ത്തിയ
ഗന്ധര്‍വ്വോജ്വല ഭൂമി
കാവേരിയൊഴുകുന്ന ഭൂമി…ഭൂമി…ഭൂമി
കാളിന്ദിയൊഴുകുന്ന ഭൂമി… ഭൂമി… ഭൂമി
ഇവിടെയുയര്‍ത്തുക നമ്മളിടുക്കികള്‍, ബക്രാനങ്കലുകള്‍
എക്യൈം നമ്മുടെ ശക്തി
ധര്‍മ്മം നമ്മുടെ ലക്ഷ്യം
മാനവത്വമെന്നോരേമതം
സാഹോദര്യമെന്നോരുജാതി
മനുഷ്യരുതിരം വീണ ചമ്പലില്‍
വിയര്‍പ്പുമുത്തുകള്‍ മിന്നുന്നു
അധര്‍മ്മമാടിയ മരുഭൂമികളില്‍
തരംഗ ഗംഗകള്‍ പാടുന്നു
ബംഗാള്‍ ഉള്‍ക്കടല്‍ പാടും ഗാഥകള്‍
അറബി കടലേറ്റു പാടുന്നു
കാശ്മീരില്‍ വിടരും പൂവിന്‍ ഗന്ധം
കന്യാകുമാരി നുകരുന്നു.
ചിത്രം : പിക്നിക്ക്, രചന : ശ്രീകുമാരന്‍ തമ്പി, സംഗീത സംവിധാനം : എം കെ അര്‍ജ്ജുനന്‍
ഗംഗാ യമുനാ…
സംഗമ സമതല ഭൂമി,
സ്വര്‍ഗ്ഗീയ സുന്ദര ഭൂമി
സ്വതന്ത്ര ഭാരത ഭൂമി…
കന്യാകുമാരിത്തിരമാലകളില്‍
ത്യക്കാല്‍ കഴുകും ഭൂമി
വിന്ധ്യാ ഹിമാലയ കുലാചലങ്ങളില്‍
വിളക്കു വയ്ക്കും ഭൂമി
വിളക്കു വയ്ക്കും ഭൂമി…. (ഗംഗാ യമുനാ…)
പുതിയൊരു ജീവിത വേദാന്തത്തിന്‍
പുരുഷ സൂക്തം പാടി
ഇവിടെ നടത്തുകയല്ലോ നാമൊരു
യുഗപരിവര്‍ത്തനയാഗം!
യുഗപരിവര്‍ത്തനയാഗം!…. (ഗംഗാ യമുനാ…)
ഈ യാഗശാല തകര്‍ക്കാനെത്തും
സായുധപാണികളേ
കയ്യിലുയര്‍ത്തിയ ഗാണ്ഡീവവുമായ്
വരുന്നു ഭാരത പൗരന്‍!
വരുന്നു ഭാരത പൗരന്‍! (ഗംഗാ യമുനാ…)
ചിത്രം: ഹോട്ടല്‍ ഹൈറേഞ്ച്, രചന : വയലാര്‍ രാമവര്‍മ്മ, സംഗീത സംവിധാനം : ദേവരാജന്‍ മാഷ്




















