പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ബിജെപി ജില്ലാഘടകങ്ങളില്‍ കൂട്ടപ്പുറത്താക്കല്‍. ഒരു സംസ്ഥാന കൗണ്‍സില്‍ അംഗം ഉള്‍പ്പെടെ എട്ട് പേരെ ബി.ജെ.പി ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. മൂന്ന് പഞ്ചായത്ത് കമ്മറ്റികളും പിരിച്ചു വിട്ടുവെന്ന് ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ ഇ. കൃഷ്ണദാസ് പറഞ്ഞു.
പൂക്കോട്ടുകാവ്, തേങ്കുറിശ്ശി, കണ്ണാടി എന്നീ പഞ്ചായത്തുകളിലെ ബി.ജെ.പി കമ്മറ്റികളാണ് പിരിച്ചു വിട്ടത്. പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ മറികടന്ന് പ്രവര്‍ത്തിച്ചതിനാണ് നടപടി. പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ മറികടന്ന് പ്രവര്‍ത്തിച്ചതിനാണ് നടപടിയെന്നു ബിജെപി ജില്ലാ അധ്യക്ഷന്‍ ഇ കൃഷ്ണദാസ് അറിയിച്ചു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് സംസ്ഥാന കൗണ്‍സില്‍ അംഗം എ.കെ ലോകനാഥനെ പുറത്താക്കിയത്.
ജില്ലാ കമ്മറ്റി അംഗം ബി.കെ ശ്രീലത, ലക്കിടി പേരൂര്‍ പഞ്ചായത്ത് കമ്മറ്റി അംഗം എന്‍.തിലകന്‍, കര്‍ഷകമോര്‍ച്ച ലക്കിടി പേരൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍, ലക്കിടി പേരൂരിലെ അശോക് കുമാര്‍, തേങ്കുറിശ്ശിലെ എം ശ്യാംകുമാര്‍, മരുതറോഡിലെ ശ്രീജ രാജേന്ദ്രന്‍, ഒറ്റപ്പാലത്തെ സ്മിത നാരായണന്‍ എന്നീ നേതാക്കളെയും ബി.ജെ.പി പുറത്താക്കിയിട്ടുണ്ട്.
പാര്‍ട്ടി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍ തോറ്റ സംഭവത്തില്‍ തൃശൂര്‍ ബിജെപിയിലും കൂട്ടപ്പുറത്താക്കല്‍ നടന്നിരുന്നു. ഒന്പതു നേതാക്കളെയാണു തൃശൂര്‍ ജില്ലാ കമ്മിറ്റി പുറത്താക്കിയത്. ആറു വര്‍ഷത്തേക്കാണു നടപടി.ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കേശവദാസ് , കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ലളിതാംബിക തുടങ്ങി ഒന്‍പതു പേരെയാണ് പുറത്താക്കിയത്. ആറു വര്‍ഷത്തേയ്ക്കാണ് അച്ചടക്ക നടപടി. ബി.ഗോപാലകൃഷ്ണന്‍ തോറ്റ വാര്‍ഡിലെ സിറ്റിങ്ങ് കൗണ്‍സിലറായിരുന്നു ലളിതാംബിക. ഗോപാലകൃഷ്ണനെ പരാജയപ്പെടുത്താന്‍ വോട്ടു മറിച്ചതായി ആക്ഷേപം ഉണ്ടായിരുന്നു.











