മസ്കറ്റ്: കൃത്യമായ താമസ രേഖകളില്ലാതെ സുല്‍ത്താനേറ്റില്‍ തുടരുന്ന പ്രവാസികള്‍ നിലവില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന പൊതു മാപ്പ് സൗകര്യം ഉപയോഗപ്പെടുത്തികൊണ്ട് സ്വന്തം നാടുകളിലേക്ക് മടങ്ങണമെന്ന് എംബസികള്‍ ആവശ്യപ്പെട്ടു. ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് പിഴ കൂടാതെ നാടുകളിലേക്ക് മടങ്ങുന്നതിനുള്ള അവസരം ലഭിക്കുക.
നാടുകളിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്കുള്ള ഓണ്‍ലൈന്‍ രെജിസ്‌ട്രേഷന്‍ സംവിധാനം കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചിട്ടുണ്ട്. രെജിസ്‌ട്രേഷന്‍ നടത്തി 7 ദിവസത്തിന് ശേഷം മസ്‌ക്കറ്റ് എയര്‍ പോര്‍ട്ടിലുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ ഓഫീസിലെത്തി മടങ്ങുന്നതിനുള്ള അനുമതി കൈപ്പറ്റാവുന്നതാണ്. ഇവര്‍ വാലിഡ് ആയ വിമാന ടിക്കറ്റും, യാത്ര രേഖകളും, 3 ദിവസത്തിനുള്ളില്‍ എടുത്ത കോവിഡ് പരിശോധന ഫലവും കയ്യില്‍ കരുതണം.















