മുംബൈ: ഓഹരി വിപണിയില്‍ ഇന്ന് വില്‍പ്പന സമ്മര്‍ദത്തെ തുടര്‍ന്ന് ചാഞ്ചാട്ടം ദൃശ്യമായി. പ്രധാനമായും ബാങ്കിംഗ്-ഫിനാന്‍ഷ്യല്‍ ഓഹരികളാണ് വില്‍പ്പന സമ്മര്‍ദം നേരിട്ടത്. വ്യാപാരത്തിനിടെ നിഫ്‌റ്റി 120 പോയിന്റ് ഇടിഞ്ഞു. അതേ സമയം താഴ്‌ന്ന നിലവാരത്തില്‍ നിന്നും കരകയറിയതിനെ തുടര്‍ന്ന് നേട്ടത്തോടെ നിഫ്‌റ്റിക്ക് ക്ലോസ് ചെയ്യാന്‍ സാധിച്ചു.
സെന്‍സെക്‌സ് 37 പോയിന്റ് ഇടിഞ്ഞപ്പോള്‍ നിഫ്‌റ്റി നാല് പോയിന്റ് ഉയര്‍ന്നു. സെന്‍സെക്‌സ് 44618.04 പോയിന്റിലും നിഫ്‌റ്റി 13113.80 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്‌റ്റി മെറ്റല്‍, റിയല്‍ എസ്റ്റേറ്റ് സൂചികകള്‍ 3 ശതമാനം നേട്ടം രേഖപ്പെടുത്തി. അതേ നിഫ്‌റ്റി ബാങ്ക് സൂചിക 1.09 ശതമാനം ഇടിഞ്ഞു.
നിഫ്‌റ്റിയേക്കാള്‍ മികച്ച നേട്ടം നല്‍കുന്നത് തുടര്‍ന്ന നിഫ്‌റ്റി മെറ്റല്‍ സൂചിക ഇന്ന് 2.56 ശതമാനം ഉയര്‍ന്നു. നിഫ്‌റ്റി മെറ്റല്‍ സൂചിക ഇന്ന് 52 ആഴ്‌ചത്തെ ഉയര്‍ന്ന നിലയിലെത്തുകയും ചെയ്‌തു. ഡിമാന്റ് മെച്ചപ്പെടുമെന്ന പ്രതീക്ഷ, ആഗോള സമ്പദ്‌ഘടനയിലെ കരകയറ്റം, ചൈനയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള നിക്ഷേപങ്ങള്‍ മെറ്റല്‍ വ്യവസായത്തിന് ഗുണകരമാകുമെന്ന നിഗമനം തുടങ്ങിയ ഘടകങ്ങളാണ് മെറ്റല്‍ ഓഹരികളുടെ മുന്നേറ്റത്തിന് പിന്നില്‍.
ടാറ്റാ സ്റ്റീല്‍, ജെഎസ്‌ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ മൂന്ന് ശതമാനത്തിലേറെ ഇന്ന് ഉയര്‍ന്നു. നാഷണല്‍ അലൂമിനിയം 8.6 ശതമാനം വരെ വ്യാപാരത്തിനിടെ നേട്ടം രേഖപ്പെടുത്തി.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 36 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 14 ഓഹരികളാണ് നഷ്‌ടത്തിലായത്. ഗെയില്‍, ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്‌സ്, കോള്‍ ഇന്ത്യ, ടൈറ്റാന്‍ എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍.