ജിസിസി രാജ്യങ്ങളില്‍ കോവിഡ് വ്യാപനം കുറഞ്ഞത് റമദാന്‍ ചടങ്ങുകള്‍ക്കും മറ്റും ആശ്വാസമായി
അബുദാബി : കോവിഡ് മഹാമാരിയുടെ വ്യാപനം കുറഞ്ഞത് റമദാന്‍ ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കും ആശ്വാസകരമായി.
യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 298 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 678 പേര്‍ കൂടി രോഗമുക്തി നേടി.
കഴിഞ്ഞ 24 ദിവസത്തിന്നിടെ ഒരു കോവിഡ് മരണം പോലും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നതും ആശ്വാസം നല്‍കുന്നതാണ്.
കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2.302 ആയി തുടരുകയാണ്. അതിന്നിടെ, രാജ്യത്ത് 2,82,135 പേര്‍ക്ക് കൂടി ആര്‍ ടി പിസിആര്‍ ടെസ്റ്റ് നടത്തി.
അതേസമയം, ഒമാനില്‍ കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് പത്തിനു ശേഷം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലായിരുന്നു. ഇതോടെ മരണ സംഖ്യ 4,251 ആയി ഉയര്‍ന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം 68 ആണ്. ഇവരില്‍ 14 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏഴ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.