സ്വന്തം പതനത്തിന് വഴികളൊരുക്കുന്നത് ഏകാധിപതികളുടെ പൊതുസ്വഭാവമാണെന്ന് ചരിത്രം പരിശോധിച്ചാല്‍ അറിയാം. സര്‍വാധികാരം നല്‍കുന്ന അമിതമായ ആത്മവിശ്വാസം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുന്നതിനെ കുറിച്ചുള്ള മുന്‍ചിന്തയില്ലാതെ ചില നടപടികള്‍ക്ക് മുതിരാന്‍ ഏകാധിപതികളെ പ്രേരിപ്പിക്കാറുണ്ട്. അത് കനത്ത തിരിച്ചടികളുടെ ഭാവി സ്വയം രൂപപ്പെടുത്തുന്നതില്‍ കലാശിക്കാറുമുണ്ട്. ഹിറ്റ്ലര്‍, മുസ്സോളിനി തുടങ്ങിയ ജനാധിപത്യത്തെ ഉപയോഗിച്ച് ഏകാധിപതികളായി മാറിയ ഇരുപതാം നൂറ്റാണ്ടിലെ നേതാക്കളുടെ ചരിത്രം തന്നെ ഏറ്റവും നല്ല ഉദാഹരണം.
ജനാധിപത്യത്തെ ഒരു മറയായി ഉപയോഗിച്ച് കടുത്ത ഏകാധിപത്യ പ്രവണതകള്‍ കാട്ടുന്നതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ചില നേതാക്കളുടെ രീതി. ഔപചാരികമായി അവര്‍ സര്‍വാധിപതികളായി മാറുന്നില്ലെങ്കിലും ജനാധിപത്യത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് നേടിയെടുക്കുന്ന അധികാരം അടിച്ചമര്‍ത്തലിനും ജനവിരുദ്ധമായ നിയമങ്ങള്‍ നിര്‍മിക്കുന്നതിനും അവര്‍ മുതിരുന്നു. എന്നാല്‍ ഒരു പരിധി കവിയുമ്പോള്‍ ഏത് കൊടിയ അനീതിയും ഒരു മടിയുമില്ലാതെ ചെയ്യാവുന്ന നിലയിലേക്കെത്തുന്ന അമിതമായ ആത്മവിശ്വാസം അവര്‍ക്ക് തന്നെ വിനയാവുകയും ചെയ്യും.
റഷ്യയില്‍ വ്ളാദ്മിര്‍ പുട്ടിനും ഇന്ത്യയില്‍ നരേന്ദ്രമോദിയും അധികാരത്തിന്റെ ലഹരി തലക്കുപിടിച്ച ഭരണാധികാരികളാണ്. ഭഅഭിനവ സര്‍’ എന്ന് അറിയപ്പെടുന്ന പുട്ടിന്‍ ജനാധിപത്യത്തിന്റെ മറവില്‍ കാട്ടിക്കൂട്ടുന്നത് കൊടിയ സര്‍വാധികളെ പോലെ ഓര്‍മിപ്പിക്കുന്ന ചെയ്തികളാണ്. എന്നാല്‍ ഒരു പരിധി കവിയുമ്പോള്‍ ജനരോഷം ഇത്തരം നേതാക്കള്‍ക്കെതിരെ ഉയരുന്നത് സ്വാഭാവികമാണ്. റഷ്യയിലെ പ്രതിപക്ഷ നേതാവിനെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിക്കുകയും വിദേശത്തെ ചികിത്സയെ തുടര്‍ന്ന് അതിജീവിച്ച് രാജ്യത്ത് തിരികെ എത്തിയപ്പോള്‍ കാരാഗൃഹത്തിലടക്കുകയും ചെയ്ത പുട്ടിനെ ക്രിമിനല്‍ വാസനയുള്ള നേതാവെന്നാണ് വിശേഷിപ്പിക്കുന്നത്. റഷ്യയില്‍ ഉയര്‍ന്ന പ്രതിഷേധം ഭരണാധികാരിയുടെ ക്രിമിനല്‍ വാസനകള്‍ക്കെതിരെയാണ്. പുട്ടിന്റെ കാലത്ത് റഷ്യയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ തീവ്രമായ പ്രക്ഷോഭമായി വളര്‍ന്നു അത്.
ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യ വാസനകള്‍ക്കെതിരെ അദ്ദേഹത്തിന്റെ ഭരണകാലത്ത് നടക്കുന്ന ഏറ്റവും ദീര്‍ഘമായ പ്രക്ഷോഭമാണ്. ഏത് ജനവിരുദ്ധ നിയമവും തനിക്കു തോന്നുന്നതു പോലെ കൊണ്ടുവരുമെന്ന മോദിയുടെ അമിത ആത്മവിശ്വാസത്തെയും ധാര്‍ഷ്ട്യത്തെയുമാണ് കര്‍ഷകര്‍ ചോദ്യം ചെയ്യുന്നത്. പ്രക്ഷോഭം ബിജെപിക്കെതിരെ രാഷ്ട്രീയമായ പ്രതിഷേധമായി വ്യാപിപ്പിക്കാനുള്ള കര്‍ഷക സംഘടനകളുടെ നീക്കം മോദിയുടെ കണക്കുകൂട്ടലുകള്‍ക്ക് അപ്പുറത്താണ്. ഈ നീക്കം ഉണ്ടാക്കാവുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ തിരിച്ചറിയാന്‍ മോദിക്ക് സാധിച്ചില്ലെങ്കില്‍ തന്റെ വീഴ്ചക്കുള്ള വഴികള്‍ സ്വയം ഒരുക്കുന്നതിനുള്ള ആദ്യപടിയാകും അത്.
പഞ്ചാബിലെ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വന്‍വിജയം മോദിക്കുള്ള മുന്നറിയിപ്പാണ്. കര്‍ഷക സമരത്തിനുള്ള ജനപിന്തുണ ഈ വിജയത്തിന് പിന്നിലെ ഒരു പ്രധാന ഘടകമാണ്. ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ബിജെപിക്ക് എതിരായ രാഷ്ട്രീയ വിജയം നേടുക എന്ന ലക്ഷ്യത്തോടെ നീങ്ങാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന പഞ്ചാബ്, ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യ ബലപരീക്ഷണം നടത്താനാണ് നീക്കം.
കര്‍ഷകര്‍ ഇന്ത്യയിലെ ജനാധിപത്യപ്രക്രിയയിലെ ഏറ്റവും ശക്തമായ വോട്ട് ബാങ്കാണെന്ന തിരിച്ചറിവ് മോദിക്കുണ്ടെങ്കില്‍ കൃഷി നിയമവുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തില്‍ നിന്ന് അദ്ദേഹം പിന്‍വലിയുന്നതിനെ കുറിച്ച് ആലോചിക്കാനാണ് സാധ്യത. മറിച്ചാണെങ്കില്‍ തിരിച്ചടികള്‍ നേരിടാന്‍ സജ്ജമാകേണ്ടിയും വരും.