തിരുവനന്തപുരം: വികസന നേട്ടങ്ങളെ കുറിച്ച് ഒന്നും പറയാനില്ലാത്തിനാല്‍ മുഖ്യമന്ത്രി പരാജയ ഭീതി കൊണ്ട് വര്‍ഗീയതയെ കൂട്ടുപിടിച്ച് വിലാപം നടത്തുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാതെയും പോസ്റ്ററുകളില്‍ പോലും മുഖം കാണിക്കാതെയും ജനങ്ങളില്‍ നിന്നും മുഖ്യമന്ത്രി പലായനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയ ശക്തികളുമായി തരാതരം സഖ്യമുണ്ടാക്കിയവരാണ് സിപിഎമ്മെന്നും തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വര്‍ഗീയ പാര്‍ട്ടികളുമായി രഹസ്യ ധാരണ ഉണ്ടാക്കിയാണ് സിപിഎം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് 2500 വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതിരുന്നത് സിപിഎമ്മിനെ സഹായിക്കാനാണെന്നും താന്‍ തുടര്‍ച്ചായി ഈ ആരോപണം ഉന്നയിച്ചിട്ടും സിപിഎമ്മിന്റെയും ബിജെപിയുടെയും നേതൃത്വം ഇതിന് മറുപടി നല്‍കാന്‍ തയ്യാറാകാത്തത് ഇരുവരും തമ്മിലുള്ള ധാരണയ്ക്ക് തെളിവാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സമീപകാലത്ത് കേരളം കേട്ട ഏറ്റവും വലിയ തമാശയാണെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം അടിത്തറ ഇളകുമ്പോള്‍ കാലങ്ങളായി സിപിഎം ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതയെ വാരിപ്പുണരുമെന്നും പരാജയം തുറിച്ചു നോക്കുമ്പോഴാണ് വാര്‍ഗീയ കാര്‍ഡ് സിപിഎം ഇറക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന് ബിജെപിയുമായി ഏതെങ്കിലും വിദൂര ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. സിപിഎം വിരുദ്ധച്ചേരിയില്‍ നില്‍ക്കുന്നവരെ വര്‍ഗീയ ശക്തികളായി ചിത്രീകരിക്കുകയും സിപിഎമ്മുമായി സഹകരിച്ചാല്‍ അവരെ മഹത്വവത്കരിക്കുകയും ചെയുന്ന കപട രാഷ്ട്രീയവാദമാണ് സിപിഎമ്മിനെ ഗ്രഹിച്ചിരിക്കുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.











