Web Desk
സ്വജനപക്ഷപാതത്തിന് പേരുകേട്ട മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് കേരളത്തിലേതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യോഗ്യതയും കഴിവുമുള്ള പ്രഗത്ഭരായ ന്യായാധിപന്‍മാരെ വരെ ഒഴിവാക്കിയാണ് സിപിഐഎം അനുഭാവിയെ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനായി സര്‍ക്കാര്‍ നിയമിച്ചത്. മുഖ്യമന്ത്രിയുടേയും ആരോഗ്യവകുപ്പ് മന്ത്രിയുടേയും പ്രിയങ്കരനാണ് എന്നതാണ് പുതിയ ചെയര്‍മാന്റെ ഏക യോഗ്യത.ഇത് അധാര്‍മികതയാണ്. ഇഷ്ടക്കാരെ നിയമിക്കാനുള്ളതല്ല ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പദവിയെന്ന് മുല്ലപ്പള്ളി പറഞ്ഞു.
ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത് മുതല്‍ ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി ഇഷ്ടക്കാരെ തിരുകി കയറ്റുകയാണ്. അനധികൃതമായി നടത്തിയ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ നിയമനം റദ്ദാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ധാര്‍ഷ്ട്യവും താന്തോന്നിത്തരവുമാണ് മുഖ്യമന്ത്രിയുടെ മുഖമുദ്ര.ഇടതു സര്‍ക്കാരിന്റെ മരണമണി മുഴങ്ങിക്കഴിഞ്ഞു. ഈ സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു. ജനം ബാലറ്റിലൂടെ പ്രതിഷേധിക്കാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.