കേരളത്തില്‍ പലയിടങ്ങളിലും മഴ ശക്തമാവുകയാണ്. ഈ സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരും ജില്ലാ ഭരണകൂടവും നല്‍കുന്ന സുരക്ഷാനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക. അപകട സാധ്യതയുള്ള മേഖലകളില്‍ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറുക. ഈ ഘട്ടത്തില്‍ ജനങ്ങളുടെ ജാഗ്രതയും സഹകരണവുമാണ് ഏറ്റവും അനിവാര്യം. അക്കാര്യങ്ങളില്‍ ആരും ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യാതിരിക്കുക.
അതേസമയം മൂന്നാര്‍, രാജമല പെട്ടിമുടിയില്‍ തോട്ടംതൊഴിലാളികള്‍ താമസിക്കുന്ന ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. എഴുപതോളം പേര്‍ മണ്ണിനടിയില്‍ അകപ്പെട്ടിട്ടുണ്ടാകുമെന്നാണ് സൂചന. ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരികയാണ്. രക്ഷാ പ്രവര്‍ത്തകര്‍ കണ്ടെത്തിയ 10 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ഇതിനെ തുടര്‍ന്ന് പെട്ടിമുടി തോട്ടംമേഖലയില്‍ വലിയ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. രാവിലെ ആറുമണിയോടെയാണ് അപകടം നടന്ന വിവരം പുറംലോകം അറിയുന്നത്. ഉള്‍പ്രദേശമായതിനാല്‍ ഇവിടെ എത്തിയുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. പ്രദേശത്തേക്ക് എന്‍ഡിആര്‍എഫ് സംഘം പുറപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രതികൂല കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് ഇവിടേയ്ക്ക് എത്തുന്നതിനും ബുദ്ധിമുട്ടുണ്ട്. പ്രദേശത്ത് ഗതാഗത സൗകര്യത്തിനുണ്ടായിരുന്ന പെരിയവര പാലം തകര്‍ന്നതിനാല്‍ പോലീസിനോ റവന്യൂ വകുപ്പിനോ പ്രദേശത്തേക്ക് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല.
കഴിഞ്ഞ പ്രളയത്തിന്റെ സമയത്താണ് പാലം തകര്‍ന്നത്. അത് ഇതുവരെ നന്നാക്കിയിട്ടില്ല. അതേസമയം മൂന്ന് ലയങ്ങളിലായി 84 പേരാണ് ഇവിടെ താമസിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്. ഉള്‍പ്രദേശമായതിനാല്‍ ഇവിടെ വൈദ്യുതി ലൈനുകളുമില്ല. അതിനാല്‍ കൃത്യമായ വിവരം ലഭിക്കുന്നതിനും ബുദ്ധിമുട്ടുണ്ട്. അടിയന്തിര സാഹചര്യം പരിഗണിച്ച് സമീപത്തെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കനത്ത മഴയില്‍ പ്രദേശത്തേയ്ക്കുള്ള ഗതാഗത സൗകര്യങ്ങളും തകര്‍ന്നിരിക്കുകയാണ്. വാഹനങ്ങള്‍ക്ക് ഇങ്ങോട്ടേയ്ക്ക് എത്തിച്ചേരാനാകാത്ത സ്ഥിതിയാണ്. രാജമല ദുരന്ത ഭൂമിയിലേക്ക് എയര്‍ലിഫ്റ്റിങ് സാധ്യമാക്കാനും ആലോചിക്കുന്നുണ്ട്. കാലാവസ്ഥ കൂടി പരിഗണിച്ചായിരിക്കും നടപടി. പ്രദേശത്തേയ്ക്ക് ഹെലിക്കോപ്ടര്‍ സേവനം ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് വ്യോമസേനയുമായി ബന്ധപ്പെട്ടിട്ടുണ്ട്.