English हिंदी

Blog

corona

കൊവിഡ് കാലത്തെ അന്താരാഷ്ട്ര-ആഭ്യന്തര യാത്രകള്‍ പലര്‍ക്കും വലിയ കടമ്പയാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോഴുള്ള നടപടിക്രമങ്ങളെക്കുറിച്ചും അനുസരിക്കേണ്ട നിര്‍ദ്ദേശങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ലഭിക്കാത്തവര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്. അവരുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുകയാണ് ദൂരദര്‍ശന്‍ ഡയറക്ടറേറ്റ് അംഗം ജി.സാജന്‍. ‘ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് ഒരു കോവിഡ് കാല യാത്ര’ എന്ന തലക്കെട്ടോടെ തുടങ്ങുന്ന കുറിപ്പിലാണ് സാജന്‍ ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. ഡല്‍ഹി വിമാനത്താവളത്തിന് നിന്നു തുടങ്ങി നാട്ടിലെ വീട്ടില്‍ ക്വാറന്‍റൈനില്‍ പ്രവേശിക്കുന്നതുവരെയുള്ള കാര്യങ്ങള്‍ ഒരു വിവരണം പോലെ അദ്ദേഹം എഴുയിട്ടുണ്ട്.

നാട്ടില്‍ എത്തിയപ്പോള്‍ അനുഭവപ്പെട്ട സുരക്ഷിതത്വവും ലോകത്ത് ഇപ്പോഴുള്ള ഈ പ്രതിസന്ധികള്‍ മെച്ചപ്പെടട്ടെ എന്ന പ്രത്യാശയോടെയുമാണ് അദ്ദേഹത്തിന്‍റെ കുറിപ്പ് അവസാനിക്കുന്നത്.

ജി.സാജന്‍റെ കുറിപ്പ് ഇങ്ങനെ

ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് ഒരു കോവിഡ് കാല യാത്രശനിയാഴ്ച രാത്രി എട്ടു മണിക്ക് ഞങ്ങൾ ഡൽഹിയിൽ നിന്ന് വിമാനത്തിൽ കേരളത്തിൽ എത്തി

ഹോം ക്വാറന്റൈൻ തുടങ്ങി

നാട്ടിലേക്കുള്ള ഒരു യാത്ര ഇത്ര സംഭവബഹുലവും കൗതുകകരവും ആവുമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല

ഞങ്ങളുടെ യാത്രയെക്കുറിച്ചറിഞ്ഞു ധാരാളം പേർ വിളിച്ചു

യാത്രയുടെ പ്രോസസ്സ് അറിയാനാണ് പലരും വിളിച്ചത്

പലർക്കും പ്രയോജനമാവും എന്ന് തോന്നുന്നതുകൊണ്ടാണ് ഈ അനുഭവ പാഠം

ഡൽഹിയിൽ നിന്ന് നെടുമ്പാശേരിയിലേക്കും അവിടെ നിന്ന് തൊടുപുഴക്കുമാണ് ഞങ്ങൾക്ക് പോകേണ്ടത് …തൊടുപുഴ ടൗണിൽ നിന്ന് ആറ് കിലോമീറ്റർ അകലെ ചിറ്റൂർ പഞ്ചായത്തിലുള്ള ഒരു ഒഴിഞ്ഞ വീട്ടിലാണ് ഞങ്ങളുടെ ക്വാറന്റൈൻ ..ആ സ്ഥലത്തിന്റെ പൂർണ വിലാസം പ്രധാനമാണ്

യാത്രക്ക് വേണ്ടി ആദ്യം ചെയ്യേണ്ടത് ടിക്കറ്റ് ബുക്ക് ചെയ്യുകയാണ്

Also read:  വിശപ്പിന്റെ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം പരിതാപകരം

ടിക്കറ്റ് തരുമ്പോൾ ഒപ്പം സീറ്റ് നമ്പറും ഉണ്ടാവും

ഇനി കേരള ജാഗ്രത പോർട്ടലിൽ ഈ-പാസ്സിന് അപേക്ഷിക്കുന്നു

നമ്മുടെ ഇപ്പോഴത്തെ വിലാസം, പോകുന്ന സ്ഥലത്തെ വിലാസം( വാർഡ് നമ്പർ ഉറപ്പായിട്ടും നൽകണം) സീറ്റ് നമ്പർ, യാത്ര ചെയ്യുന്നവരുടെ വിശദാംശങ്ങൾ എന്നിവയെല്ലാം കാണിച്ചാണ് അപേക്ഷിക്കേണ്ടത് ..

അപേക്ഷിച്ചു നാല് മണിക്കൂറിനുള്ളിൽ ഈ-പാസ് കിട്ടി

പിറ്റേ ദിവസം രാവിലെ തൊടുപുഴ ടൌൺ ഹെൽത്ത് ഇൻസ്‌പെക്ടർ മഞ്ജുവിന്റെ ഫോൺ വന്നു ..എല്ലാ വിശദാംശങ്ങളും ചോദിച്ചറിഞ്ഞു …ഏകദേശം പത്തു മിനിറ്റോളം അവർ സംസാരിച്ചു ..

നാട്ടിൽ ഞങ്ങൾ കൊടുത്ത വിലാസത്തിലേക്കും പഞ്ചായത്തിൽ നിന്നും ആരോഗ്യ വകുപ്പിൽ നിന്നും പോലീസിൽ നിന്നും ഫോൺ വന്നു ..

യാത്ര താരതമ്യേന സംഭവ രഹിതമായിരുന്നു ..

മയൂർ വിഹാറിലെ വീട്ടിൽ നിന്ന് ടാക്സിയിൽ എയർപോർട്ടിലേക്ക്

എയർപോർട്ടിൽ ടെമ്പറേച്ചർ പരിശോധിക്കും ..മറ്റു യാത്ര ഡോക്യൂമെൻറ്സ് സാധാരണ പോലെ നോക്കും …ആരോഗ്യ സേതു ആപ്പ് കാണിക്കണം എന്ന് പറഞ്ഞിരുന്നെങ്കിലും അത് ആരും ചോദിക്കുക ഉണ്ടായില്ല ..

കൊച്ചിയിലേക്കുള്ള ഇൻഡിഗോ ഫ്ലൈറ്റ് ആണ് …കേരള സർക്കാരിന്റെ ഈ-പാസ് നിര്ബന്ധമാണ് എന്ന് പലതവണ അനൗൺസ് ചെയ്യുന്നുണ്ടായിരുന്നു ..

മാസ്കിനൊപ്പം ഫേസ് ഷീൽഡ്, ശരീരം മുഴുവൻ മൂടുന്ന PPE, സാനിറ്റൈസർ എന്നിവ ഇൻഡിഗോയിൽ ലഭിക്കും …ഭക്ഷണവും വെള്ളവും നമ്മൾ തന്നെ കരുതണം

ഫുൾ കപ്പാസിറ്റിയിലാണ് ഫ്ലൈറ്റ് …സോഷ്യൽ ഡിസ്റ്റൻസിങ് ഒന്നും യാത്രക്കിടക്കു പാലിക്കപ്പെടുന്നില്ല ..

കൊച്ചിയിൽ എത്തിയാൽ പ്രത്യേക ഹെല്പ് ഡെസ്കിൽ രെജിസ്റ്റർ ചെയ്യണം …പ്രീ പെയ്ഡ് ടാക്സി കിട്ടും ..ഡ്രൈവറുടെ ക്യാബിൻ പ്രത്യേകം കവർ ചെയ്തിട്ടുണ്ട്

Also read:  ലോകത്ത് ആകെ 2.13 കോടി കോവിഡ് ബാധിതര്‍; 1.41 കോടി പേര്‍ക്ക് രോഗമുക്തി

വീട്ടിൽ എത്തുമ്പോഴേക്കും ജാഗ്രത രെജിസ്ട്രേഷന്റെ confirmation മൊബൈൽ ഫോണിൽ ലഭിച്ചു..

പിറ്റേ ദിവസം രാവിലെ തന്നെ ജൂനിയർ ഹെൽത് ഇൻസ്‌പെ ക്ടർ മഹേഷ് വിളിച്ചു…വിവരങ്ങൾ ശേഖരിച്ചു…കൃത്യമായ നിർദേശങ്ങൾ തന്നു…പിറ്റേന്ന് ഇവിടെ വരാം എന്ന് പറഞ്ഞിട്ടുണ്ട്…എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ വിളിക്കാൻ രണ്ടു ഫോൺ നമ്പറും തന്നു …

അടുത്ത ഫോൺ ഇടുക്കി ഹെൽത് സെന്ററിലെ കൗൺസലർ നിഷ …എന്തെങ്കിലും മാനസിക ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഞങ്ങളെ വിളിക്കൂ …അവർ പറഞ്ഞു ….

ഒരു മണിക്കൂർ കഴിഞ്ഞു വീണ്ടും ആദ്യം ഡൽഹിയിലേക്ക് വിളിച്ച മഞ്ജുവിന്റെ അടുത്ത ഫോൺ കാൾ …

വാർഡ് മെമ്പർ സുജാതയുടെ ഫോൺ …പ്രത്യേകിച്ച് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കൂ …

ഇന്ന് രാവിലെ മഹേഷും മറ്റൊരു ജൂനിയർ ഹെൽത് ഇൻസ്പെക്ടർ സുമേഷും സ്ഥലം സന്ദർശിക്കാൻ വന്നു ..

കേരളത്തിന്റെ ഈ സംവിധാനത്തെക്കുറിച്ചു രണ്ടുപേർക്കും വലിയ അഭിമാനമാണ് ..

“വാർഡ് തല നിരീക്ഷണ സമിതിയാണ് എല്ലാം നോക്കുന്നത് ..എല്ലാ വകുപ്പിലെയും പ്രതിനിധികൾ ഈ സമിതിയിൽ ഉണ്ട് …ഹെൽത്, റവന്യു, പഞ്ചായത്ത്, പോലീസ്, മൃഗ സംരക്ഷണ വകുപ്പ് എന്നിവരൊക്കെ ചേർന്നാണ് പ്രവർത്തിക്കുന്നത് …”

“ഇവിടെ അടുത്ത് ഒരു വീട്ടിൽ രണ്ടു പേർക്ക് കോവിഡ് പോസിറ്റീവ് ആയി ..അവരുടെ ഉപജീവന മാർഗം നാല് പശുക്കളാണ് …ഇവരുടെ ചികിത്സാ സമയത്തു പശുക്കളെ നോക്കാനും ഭക്ഷണം നൽകാനുമൊക്കെയായി മൃഗ സംരക്ഷണ വകുപ്പ് ഒരു ഉദ്യോഗസ്ഥനെ തന്നെ ആ വീട്ടിൽ പോസ്റ്റ് ചെയ്തു …” മഹേഷ് വിശദീകരിച്ചു

Also read:  രാജ്യത്ത് കോവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കം

നമുക്ക് കിട്ടുന്ന ഈ-പാസിൽ ഒരു നമ്പർ ഉണ്ട് ..492056 എന്നതാണ് ഞങ്ങളുടെ നമ്പർ …ഈ നമ്പർ ഉപയോഗിച്ചുള്ള tracing സംവിധാനമാണ് ….ഓരോ നമ്പറിനെയും ഇതേപോലെ ട്രേസ് ചെയ്യാൻ കഴിഞ്ഞാൽ ഹോം ക്വാറന്റൈൻ വളരെ ഫലപ്രദമാകും എന്നുറപ്പ് ..

കേരളത്തിലെ ജനകീയ ആസൂത്രണ പരീക്ഷണത്തിന് 25 വർഷമായി…വാർഡ് തലം മുതൽ ശക്തമായ സുസംഘടിതമായ ഭരണ സംവിധാനമാണിത്…ഇതുള്ളതു കൊണ്ടാണ് ഹോം ക്വാറന്റൈൻ ഇത്ര ഫലപ്രദമാകുന്നത്…

വീടിനടുത്തുകൂടി ചെറിയ ഒരു മൺപാതയാണ് …ഒരു സ്കൂട്ടർ വഴിയിൽ വന്നു നിന്നു ..

“എന്റെ പേര് സൽ‍മ …ഭർത്താവു ബഷീർ …അതാ ആ കാണുന്നതാണ് ഞങ്ങളുടെ വീട് …എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറഞ്ഞോളൂ …”

തൊടുപുഴയാറിന്റെ കരയിലാണ് ഞങ്ങളുടെ വീട്…വരാന്തയിൽ നിന്നാൽ താഴെ പുഴയൊഴുകുന്നത് കാണാം…വരാന്തക്കപ്പുറത്തേക്കു പോകാൻ ഞങ്ങൾക്ക് പെർമിഷൻ ഇല്ല….ക്വാറന്റൈൻ കഴിയട്ടെ …പുഴയിൽ ഒന്നിറങ്ങണം….

ചെറുതായി മഴ പെയ്യുന്നുണ്ട്…

എത്ര നാളായി നല്ലൊരു മഴ കണ്ടിട്ട്…ഡൽഹിയിൽ താമസിക്കുന്നവർ മഴയുടെ ഇത്ര മനോഹരമായ കാഴ്ച ഒരിക്കലും കാണാൻ ഇടയില്ല..

വീടിനു ചുറ്റും കാട് പോലെ പലതരം മരങ്ങളുണ്ട്‌ …അവയിൽ ചില ഓർക്കിഡുകൾ വളർന്നു നിൽപ്പുണ്ട് …ചീവീടിന്റെ ചിലപ്പിനു രാത്രിയിൽ നല്ല ഭംഗി തോന്നും..

കേരളത്തിൽ എത്തിയപ്പോൾ എന്തോ വല്ലാത്തൊരു സന്തോഷം…എന്തോ ഒരു സുരക്ഷിത ബോധം…ഡൽഹിയിൽ കാര്യങ്ങൾ അത്ര പന്തിയല്ല …എല്ലാം വേഗം മെച്ചപ്പെടട്ടെ…നമുക്ക് മനുഷ്യൻ മനുഷ്യനെ ആലിംഗനം ചെയ്യുന്ന ആ നല്ല കാലത്തേക്ക് മടങ്ങി പോവണ്ടേ…

ക്വാറന്‍റൈൻ ചിന്തകൾ രണ്ടാം ദിവസം

ജി സാജൻ