തിരുവനന്തപുരം: കോവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ വിനോദസഞ്ചാര മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ ഇതര സംസ്ഥാനങ്ങളുമായി സഹകരിക്കാനൊരുങ്ങി കേരളം. ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ കേരള ടൂറിസം മറ്റു സംസ്ഥാന ടൂറിസം വകുപ്പുകളുമായും കേന്ദ്ര സര്‍ക്കാരുമായും സഹകരിക്കുമെന്ന് വിനോദ സഞ്ചാര വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. അടുത്ത ഒന്നു രണ്ടു മാസത്തില്‍ തന്നെ കേരളത്തിലേക്ക് വിനോദ സഞ്ചാരികളെ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ വ്യവസായ-വാണിജ്യ മണ്ഡലങ്ങളുടെ ഫെഡറേഷന്‍ (ഫിക്കി) സംഘടിപ്പിച്ച ദ്വിദിന ഇ-കോണ്‍ക്ലേവിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ആദ്യഘട്ടത്തില്‍ സംസ്ഥാനത്തിനകത്ത് ആയുര്‍വേദം, പരിസ്ഥിതി ടൂറിസം, സാഹസിക ടൂറിസം എന്നീ മേഖലകളെ ശക്തിപ്പെടുത്തുമെന്നും തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിനായി കര്‍മപരിപാടി ആവിഷ്‌കരിക്കുകയാണെന്നും ടൂറിസം വ്യവസായത്തിലെ പങ്കാളികള്‍ക്കും ജീവനക്കാര്‍ക്കുമായി നിരവധി സഹായ പദ്ധതികള്‍ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
ആഭ്യന്തര വിനോദസഞ്ചാരികള്‍ക്കിടയില്‍ പരിസ്ഥിതി ടൂറിസവും സാഹസിക ടൂറിസവും പ്രോത്സാഹിപ്പിക്കും. കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കുന്ന ഏകീകൃത മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും പെരുമാറ്റ ചട്ടങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയുണ്ടാകും. ആഭ്യന്തര ടൂറിസം പുനരുജ്ജീവിപ്പിക്കാനും അതുവഴി ഇന്ത്യയെ മൂല്യവല്‍കൃത ലക്ഷ്യസ്ഥാനമാക്കി മാറ്റാനും ഈ മാര്‍ഗരേഖകള്‍ ഉപയുക്തമാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
നിപ്പയും 2018-ലെ പ്രളയവും സൃഷ്ടിച്ച ആഘാതത്തെ അതിജീവിച്ച് അനുഭവ പരിചയമുള്ള കേരളത്തിന് കോവിഡ് പ്രതിസന്ധിയെയും മറികടക്കാനാവും. ആഗോള ടൂറിസം വ്യവസായവുമായി ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഈ മേഖലയ്ക്കുണ്ടായ ആഘാതം പരമാവധി കുറയ്ക്കാനാണ് കേരളം ശ്രമിക്കുന്നത്. കേരളത്തില്‍ പൊതു-സ്വകാര്യ മേഖലകളുടെ സംയോജിത പ്രവര്‍ത്തനം അതിജീവനത്തിന് കരുത്തേകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.