കൊല്‍ക്കത്ത: നിയമസഭ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്ന് ജനവിധി തേടുമെന്ന് പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. തെരഞ്ഞെടുപ്പ് നടക്കുന്ന 291 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മമതയുടെ പ്രഖ്യാപനം.
തൃണമൂല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായിരുന്ന സുവേന്ദു അധികാരി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പാണ് പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് അദ്ദേഹം മമതയെ നന്ദിഗ്രാമില്‍ മത്സരിക്കാന്‍ വെല്ലുവിളിക്കുകയായിരുന്നു. ഈ വെല്ലുവിളിയാണ് മമത ഏറ്റെടുത്തിരിക്കുന്നത്. മറ്റൊരു മണ്ഡലത്തില്‍ കൂടി മമത മത്സരിക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. സുവേന്ദുവിനെതിരെ നന്ദിഗ്രാമില്‍ മത്സരിക്കുമെന്ന് പറഞ്ഞ് മമത ബി.ജെ.പിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുമെന്ന സൂചനയാണ് നല്‍കുന്നത്. മമത സ്ഥിരമായി മത്സരിച്ചിരുന്ന ഭവാനിപുര്‍ മണ്ഡലത്തില്‍ ഇത്തവണ മുതിര്‍ന്ന തൃണമൂല്‍ നേതാവും മന്ത്രിയുമായ സോവന്‍ദേബ് ചട്ടോപാധ്യായയാണ് സ്ഥാനാര്‍ഥി.
തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ 50 പേര്‍ സ്ത്രീകളാണ്. 45 മുസ്ലിം സ്ഥാനാര്‍ഥികളുണ്ട്. 79 പേര്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നും 17 പേര്‍ പട്ടികവര്‍ഗ വിഭാഗക്കാരുമാണ്. 294 അംഗ നിയമസഭയിലേക്ക് എട്ട് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുക.











