കൊച്ചി: തിങ്കളാഴ്ച നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് തടയാനായി കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ കര്‍ശന നടപടി സ്വീകരിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. കള്ളവോട്ടും ആള്‍മാറാട്ടവും തടയാന്‍ നടപടി വേണമെന്നുള്ള ഒരുപറ്റം ഹര്‍ജികളിലാണ് കമ്മീഷന്‍ നിലപാട് അറിയിച്ചത്.
പ്രശ്‌ന ബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തുമെന്നും തിരിച്ചറിയല്‍ കാര്‍ഡുകളുടെ പരിശോധന കാര്യക്ഷമമാക്കുമെന്നും കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. കമ്മീഷന്‍ സ്വീകരിച്ച നടപടികള്‍ തൃപ്തികരമെന്ന് പറഞ്ഞ കോടതി, നടപടികള്‍ കര്‍ശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു.
ഡിസംബര്‍ പതിനാലിന് കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുക. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാവും വോട്ടെടുപ്പ്. ഡിസംബര്‍ 16 ബുധനാഴ്ചയാണ് ഫലപ്രഖ്യാപനം.











