ബാഴ്സലോണ: ഫുട്‌ബോള്‍ താരം ലയണല്‍ മെസി ബാഴ്‌സലോണ വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. തീരുമാനം മെസി തന്നെ ക്ലബിനോട് അറിയിച്ചതായാണ് വിവരം. ഇതോടെ ബാഴ്‌സലോണയുമായുള്ള മെസിയുടെ 19 വര്‍ഷത്തെ ബന്ധമാണ് അവസാനിക്കുന്നത്.
ക്ലബുമായുള്ള കരാര്‍ താന്‍ അവസാനിപ്പിച്ചുവെന്നും അതുകൊണ്ട് തന്നെ ഫ്രീ ഏജന്റായി ക്ലബ് വിടാമെന്നുമാണ് മെസി ക്ലബിനെ അറിയിച്ചത്. മെസിയുടെ ആവശ്യം ക്ലബ് അംഗീകരിച്ചതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഇക്കാര്യം ബാഴ്സലോണ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം ക്ലബ് വിടാനുള്ള മെസിയുടെ തീരുമാനത്തെ മുന്‍ താരം കാര്‍ലോസ് പിയോള്‍ അഭിനന്ദിക്കുകയും മെസിക്ക് യാത്രയയപ്പ് സന്ദേശം ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.
Respeto y admiración, Leo. Todo mi apoyo, amigo.
— Carles Puyol (@Carles5puyol) August 25, 2020
നിലവില്‍ അടുത്ത ജൂലൈ വരെ മെസിക്ക് ക്ലബുമായി കരാര്‍ ഉണ്ടെങ്കിലും സീസണ്‍ അവസാനിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും ടീം വിട്ടുപോകാമെന്ന നിബന്ധനയും കരാറില്‍ ഉണ്ടായിരുന്നു.
അതേസമയം ബാഴ്‌സ വിടുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ പ്രമുഖ ഫുട്‌ബോള്‍ ക്ലബുകള്‍ മെസിക്കുവേണ്ടി വലവിരിച്ചിരിക്കുകയാണ്. മാഞ്ചസ്റ്റര്‍ സിറ്റിയും പിഎസ്ജിയും സാധ്യതാ പട്ടികയില്‍ മുന്നിലുണ്ട്.
ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനോട് ബാഴ്‌സ പരാജയപ്പെട്ടിന് ശേഷം ക്ലബിലെ ആഭ്യന്തര പൊട്ടിത്തെറി വാര്‍ത്തയായിരുന്നു. ഇതാവാം 2004 മുതല്‍ ബാഴ്‌സയ്‌ക്കൊപ്പം ഉണ്ടായ മെസിയെ ക്ലബ് വിടാന്‍ പ്രേരിപ്പിച്ചത് എന്നാണ് വിവരം.