അബുദാബി ലേബര്‍ കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യാക്കാരടക്കം രണ്ടായിരത്തിലേറെ തൊഴിലാളികള്‍ക്ക് ശമ്പള കുടിശ്ശിക തിരികെ ലഭിച്ചു.
അബുദാബി : തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ രണ്ടായിരത്തോളം തൊഴിലാളികള്‍ക്ക് കോടതി ഇടപെടലിലൂടെ ശമ്പള കുടിശ്ശിക തിരികെ ലഭിച്ചു. നാലു കമ്പനികളിലെ 2,794 തൊഴിലാളികള്‍ക്കാണ് 40 ദശലക്ഷം ദിര്‍ഹം (ഏകദേശം 81 കോടി രൂപ) തിരികെ ലഭിച്ചത്. അബുദാബി ലേബര്‍ കോടതിയാണ് തൊഴിലാളികള്‍ക്ക് ആശ്വാസമേകുന്ന വിധി പ്രസ്താവിച്ചത്.
ഇരുവിഭാഗങ്ങളുടേയും പ്രതിനിധികളെ വിളിച്ച് അവരുടെ ഭാഗങ്ങള്‍ കേട്ട ശേഷമാണ് കേസ് റെക്കോര്‍ഡ് വേഗത്തില്‍ തീര്‍പ്പുകല്‍പ്പിച്ചത്.
ഇതിനെ തുടര്‍ന്ന് മാസങ്ങളായി തൊഴിലും ശമ്പളവുമില്ലാതെ ദുരിതാവസ്ഥയിലായ ഇന്ത്യക്കാരുള്‍പ്പടെയുള്ള തൊഴിലാളികള്‍ക്കാണ് കുടിശ്ശിക പണം തിരികെ ലഭിച്ച് തങ്ങളുടെ വായ്പകളും തിരിച്ചടവുകളും തീര്‍ത്ത് നാട്ടില്‍ പോകാനും മറ്റു ചിലര്‍ക്ക് ഇതര ജോലികളില്‍ പ്രവേശിക്കാനും അവസരം ലഭിച്ചത്.
പുതിയ നിയമ ഭേദഗതിയും നടപടി ക്രമങ്ങളും അനുസരിച്ചാണ് ലേബര്‍ കോടതി പരാതികള്‍ക്ക് തീര്‍പ്പ് കല്‍പ്പിച്ചത്. തൊഴിലാളികള്‍ക്ക് സുരക്ഷയും ക്ഷേമവും ഉറപ്പു വരുത്താന്‍ ലേബര്‍ കോടതി നിരീക്ഷണവും ഏര്‍പ്പെടുത്തി.
പുതിയ ജോലിക്ക് ചേരുന്നവര്‍ക്ക് രേഖകള്‍ നല്‍കുന്നതിനും നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് അവര്‍ ഇവിടെ കഴിയുന്ന നാള്‍ വരെ ക്ഷേമം ഉറപ്പാക്കാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പ്രത്യേക നിര്‍ദ്ദേശവും കോടതി നല്‍കിയിട്ടുണ്ട്.
തൊഴിലിടങ്ങളില്‍ ജോലി സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി സ്വീകരിച്ചതെന്ന് ലേബര്‍ കോടതി ഉത്തരവില്‍ പറഞ്ഞു, വിഷയത്തില്‍ ഇടപെട്ട ലേബര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കോടതിക്കും നന്ദിപറഞ്ഞാണ് തൊഴിലാളികള്‍ പുതുവത്സരത്തിലേക്ക് കടക്കുന്നത്.