കോവിഡ് കേസുകള്‍ കുറഞ്ഞതോടെ നിയന്ത്രണങ്ങള്‍ക്ക് ഇളവു വരുത്തിയതിനെ തുടര്‍ന്നാണ് മൂന്നുമാസത്തെ ബിസിനസ് വീസ നല്‍കിത്തുടങ്ങിയത്.
കുവൈത്ത് സിറ്റി : ഇടവേളയ്ക്കു ശേഷം കുവൈത്ത് പ്രഖ്യാപിച്ച മൂന്നു മാസത്തെ എന്‍ട്രി വീസ ബിസിനസ് വീസയുടെ പരിധിയില്‍ വരുന്നതാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞയാഴ്ചയാണ് മൂന്നുമാസത്തെ പ്രവേശന വീസ അനുവദിച്ചുകൊണ്ട് കുവൈത്ത് ആഭ്യന്തര മന്ത്രാലയം സര്‍ക്കുലര്‍ ഇറക്കിയത്.
ഈ അറിയിപ്പിനെ തുടര്‍ന്ന് കുടുംബത്തേയും മറ്റു ബന്ധുക്കളേയും നാട്ടില്‍ നിന്ന് മൂന്നു മാസത്തെ സന്ദര്‍ശക വീസയില്‍ കൊണ്ടുവരാന്‍ കഴിയുമെന്ന പ്രത്യാശയിലായിരുന്നു പ്രവാസികള്‍.
എന്നാല്‍, ഇത്തരം ആശയക്കുഴപ്പങ്ങള്‍ക്ക് അവസാനമിട്ട് ആഭ്യന്തര മന്ത്രാലയം വിശദീകരണക്കുറിപ്പ് ഇറക്കുകയായിരുന്നു.
മൂന്നു മാസത്തെ വീസ നല്‍കുന്നത് ബിസിനസ് ആവശ്യങ്ങള്‍ക്കായി കുവൈത്തില്‍ എത്തുന്നവര്‍ക്കാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുകയായിരുന്നു.
മൂന്നു മാസം കാലാവധിയുള്ള പുതിയ വീസ മാര്‍ച്ച് 20 മുതല്‍ നല്‍കി തുടങ്ങിയതായും ഇത് ബിസിനസ് വീസയുടെ പരിധിയില്‍ വരുന്നതാണെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് മീഡിയ ഡിപ്പാര്‍ട്ടുമെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ തവ്വീദ് അല്‍ കന്‍ഡരി പറഞ്ഞു.
കോവിഡ് കാലത്ത് ബിസിനസ് വീസയുടെ കാലാവധി ആറുമാസമായി നീട്ടി നല്‍കിയിരുന്നു. മാര്‍ച്ച് ഇരുപത് മുതല്‍ ഇത് മൂന്നുമാസമായി ചുരുക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കുടുംബ വീസയുടെ കാര്യത്തില്‍ ചില പ്രത്യേക വിഭാഗത്തില്‍ പെടുന്നവര്‍ക്ക് യോഗ്യത അനുസരിച്ച് മാത്രമാകും എന്‍ട്രി പെര്‍മിറ്റ് അനുവദിക്കുക എന്ന് അദ്ദേഹം പറഞ്ഞു.