Web Desk
കുവൈത്തില്‍ കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു. രണ്ടാംഘട്ട നിയന്ത്രണ ഇളവുകള്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും.കര്‍ഫ്യു സമയം രാത്രി എട്ടു മുതല്‍ അഞ്ചുമണിവരെയായി പുനക്രമീകരിച്ചു. ഇതിന്‍റെ ഭാഗമായി 30 ശതമാനം ജീവനക്കാരുമായി സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. റൊട്ടേഷന്‍ അടിസ്ഥാനത്തിലാവും ജീവനക്കാര്‍ക്ക് ജോലിക്കെത്താന്‍ നിര്‍ദേശം നല്‍കുക. സലൂണുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ഹെല്‍ത്ത് സെന്‍ററുകള്‍ എന്നിവ ഒഴികെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കെല്ലാം 30 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. മാളുകളും 30 ശതമാനം ശേഷിയില്‍ തുറന്നു പ്രവര്‍ത്തിക്കും.
കൂടാതെ രാജ്യത്തെ പ്രമുഖ അവന്യൂസ്, മറീന, 360, സൂഖ് ശര്‍ഖ് തുടങ്ങിയ മാളുകള്‍ 30 ശതമാനം തുറന്നു പ്രവര്‍ത്തിക്കുമെന്നും വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭ യോഗത്തില്‍ തീരുമാനിച്ചിരുന്നു. അഞ്ചുഘട്ടങ്ങളിലായി നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാണ് തീരുമാനം. മേയ് 31ന് ആരംഭിച്ച ആദ്യഘട്ടം ജൂണ്‍ 21 വരെയാണ് നിശ്ചയിച്ചിരുന്നത്.