തിരുവനന്തപുരം: ഐടി വകുപ്പിന് കീഴിലെ സ്വപ്ന സുരേഷിന്‍റെ നിയമനം എല്‍ഡിഎഫ് സര്‍ക്കാര്‍ അന്വേഷിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പ്രതികരണം.
‘ഐടി വകുപ്പിന് കീഴിലെ ഒരു സ്ഥാപനത്തില്‍ താല്‍ക്കാലിക കരാര്‍ നിയമനത്തില്‍ വിവാദ യുവതി കയറിപ്പറ്റിയതുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങള്‍ വന്നതിനാല്‍ ഇക്കാര്യത്തില്‍ നിജസ്ഥിതി അന്വേഷിക്കുന്നതിനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്’ എന്നായിരുന്നു കോടിയേരിയുടെ പരാമര്‍ശം.
സ്വര്‍ണക്കടത്ത് കേസിലെ യഥാര്‍ത്ഥ പ്രതികളെയും അവര്‍ക്ക് പുറകിലുള്ളവരെയും പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കേസില്‍ ദുരൂഹത സൃഷ്ടിച്ച് യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും സെക്രട്ടറിയേറ്റ് ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.