എഡിറ്റോറിയല്‍
കോവിഡ് കാലത്ത് എസ്‌എസ്‌എല്‍സി പരീക്ഷ നടത്തുന്നതിന്‍റെ പേരില്‍ കേരള സര്‍ക്കാര്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. പ്രതിപക്ഷം ഉള്‍പ്പെടെ പരീക്ഷ നടത്തുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചു. എന്നാല്‍ തീര്‍ത്തും മാതൃകാപരമായി പരീക്ഷ നടത്തിയ സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ ഫലം പ്രഖ്യാപിക്കുകയും ചെയ്‌തു.
മറ്റ് സംസ്ഥാനങ്ങളൊന്നും ചെയ്യാത്ത കാര്യമാണ് കേരളം ചെയ്‌തത്. 98.82 ശതമാനം വിജയം വരിച്ച കോവിഡ് കാലത്തെ പരീക്ഷാഫലത്തിന് ഏറെ തിളക്കമുണ്ട്. ഇതിനോട് പൂര്‍ണമായി സഹകരിച്ച അധ്യാപകരും അഭിനന്ദനം അര്‍ഹിക്കുന്നു.
സിബിഎസ്‌ഇ നടത്തിയ പരീക്ഷകളുടെ മാര്‍ക്കിന്‍റെ ശരാശരി കണക്കാക്കിയാണ് മാര്‍ക്ക് നല്‍കുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ പരീക്ഷ നടത്താതെ മുഴുവന്‍ കുട്ടികളെയും വിജയായി പ്രഖ്യാപിച്ചു. മാര്‍ക്ക് നല്‍കിയതും മുന്‍പരീക്ഷകളുടെ ശരാശരി നോക്കിയാണ്.
ഇത് മൂലം പല കുട്ടികള്‍ക്കും അര്‍ഹമായതിനേക്കാള്‍ കുറഞ്ഞ മാര്‍ക്കാണ് ലഭിച്ചതെന്ന പരാതിയുണ്ട്. നീണ്ട നാളത്തെ ഒരുക്കങ്ങള്‍ നടത്തിയതിനു ശേഷം പരീക്ഷയെഴുതാന്‍ കഴിയാതെ പോയ മിക്ക കുട്ടികളും നിരാശരാണ്. പരീക്ഷയില്‍ മികച്ച പ്രകടനം നടത്താനാകുമെന്ന പ്രതീക്ഷയോടെ ഇരുന്ന കുട്ടികള്‍ക്കാണ് പരീക്ഷയെഴുതാനാകാതെ ലഭിച്ച കുറഞ്ഞ മാര്‍ക്ക് കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നത്.
തീര്‍ച്ചയായും നമ്മുടെ സംസ്ഥാനത്തെ കുട്ടികള്‍ക്ക് അത്തരത്തിലുള്ള നിരാശ നല്‍കാതെ പരീക്ഷ യഥാസമയം നടത്തിയ സംസ്ഥാന സര്‍ക്കാര്‍ ഏറെ അഭിനനന്ദനം അര്‍ഹിക്കുന്നു. കോവിഡ് കാലത്ത് നാം നടത്തിയ മാതൃകാപരമായ പ്രതിരോധത്തിനൊപ്പം എതിര്‍പ്പുകളെ അവഗണിച്ച് നേടിയ ഈ വിജയം സംസ്ഥാനം മുന്നോട്ടു വെക്കുന്ന മാതൃകയുടെ തിളക്കമാണ് വര്‍ധിപ്പിക്കുന്നത്.

















