ധനകാര്യ മന്ത്രി ഡോ.ടി.എം.തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചത് ഇടക്കാല ബജറ്റാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം അധികാരത്തിലെത്തുന്ന സര്‍ക്കാരിലെ ധനമന്ത്രിയാണ് 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള പൂര്‍ണബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കേണ്ടത്. എല്‍ഡിഎഫ് വീണ്ടും അധികാരത്തിൽ എത്തുകയാണെങ്കില്‍ ഐസക് തന്നെയാകുമോ പൂര്‍ണബജറ്റ് അവതരിപ്പിക്കുകയെന്ന് ഉറപ്പില്ല. അദ്ദേഹം അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയില്ലെന്നാണ് ചില മാധ്യമങ്ങളുടെ അഭ്യൂഹം. അതേ സമയം പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് അദ്ദേഹം പറയുന്നു.
എല്‍ഡിഎഫിന് ഭരണതുടര്‍ച്ച ലഭിക്കുകയാണെങ്കില്‍ ഐസക്കിന് പകരം മറ്റൊരാളാണ് ധനമന്ത്രിയാകുന്നതെങ്കില്‍ പോലും ഇപ്പോള്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിലെ നിര്‍ദേശങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. അതേ സമയം യുഡിഎഫ് അധികാരത്തിലെത്തുകയാണെങ്കില്‍ ഇന്നത്തെ ഐസക്കിന്റെ പ്രഖ്യാപനങ്ങളുടെ പ്രസക്തി തന്നെ നഷ്‌ടപ്പെടും. അദ്ദേഹം പ്രഖ്യാപിച്ച പല പദ്ധതികളും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ബജറ്റ് വിഹിതത്തിന്റെ തുടര്‍ച്ച ആവശ്യമുള്ളതാണ്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു ശേഷം വീണ്ടും അധികാരത്തിലെത്തുമെന്ന പ്രതീക്ഷ വളരെ ശക്തമായതുകൊണ്ടാകണം പൂര്‍ണബജറ്റിന് തുല്യമായ ഒരു ഇടക്കാല ബജറ്റ് റെക്കോഡ് സമയമെടുത്തുള്ള പ്രസംഗത്തിലൂടെ ഐസക് അവതരിപ്പിച്ചത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്കു മുമ്പ് ഒന്നാം മോദി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് അവതരിപ്പിച്ച മന്ത്രി പീയൂഷ് ഗോയലിനെയാണ് ഐസക് ഓര്‍മിപ്പിക്കുന്നത്. വോട്ട് ഓണ്‍ അക്കൗണ്ട് ആയിരുന്നെങ്കിലും പീയൂഷ് ഗോയല്‍ അവതരിപ്പിച്ചത് സമ്പൂര്‍ണ ബജറ്റ് തന്നെയായിരുന്നു. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചത് പീയൂഷ് ഗോയലിന്റെ ബജറ്റിന്റെ അനുബന്ധം മാത്രമായിരുന്നു.
ഐസക്കിന്റെ ബജറ്റില്‍ പദ്ധതികള്‍ പലതുണ്ടെങ്കിലും അവക്കു വേണ്ട ധനവിഹിതത്തെ കുറിച്ച് പലപ്പോഴും അവ്യക്തത പുലര്‍ത്തുകയാണ് ചെയ്യുന്നത്. ബജറ്റ് എന്നത് ഒരു സാമ്പത്തിക വര്‍ഷത്തേക്കുള്ള നയരേഖ ആണെന്നത് മറന്നുകൊണ്ടാണ് സമീപകാലത്തെ പല ധനമന്ത്രിമാരും അത് അവതരിപ്പിക്കുന്നത്. പദ്ധതികള്‍ക്ക് ആവശ്യമായ ധനവും അത് കണ്ടെത്തുന്ന രീതിയും എന്തെന്ന് കൃത്യമായി വ്യക്തമാക്കാത്തത് ബജറ്റിന്റെ അടിസ്ഥാനതത്വത്തിന് തന്നെ നിരക്കാത്തതാണ്. ബജറ്റ് തിരഞ്ഞെടുപ്പ് പ്രകടന പത്രിക അല്ല എന്നത് മറന്നാണ് പീയൂഷ് ഗോയലിനെ പോലെ ഐസക്കും ഒട്ടേറെ പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുന്നത്.
ഐസക് നടത്തിയ പദ്ധതി പ്രഖ്യാപനങ്ങളെ കുറിച്ചുള്ള വിലയിരുത്തലിന് ഇവിടെ മുതിരുന്നില്ല. കാരണം അവ നടപ്പിലാക്കുന്നതിന് പണം കണ്ടെത്തുന്നതിലെ അവ്യക്തത നിലനില്‍ക്കെ ആ പ്രഖ്യാപനങ്ങളുടെ ഭാവി എന്താകുമെന്ന് തീരുമാനിക്കേണ്ടത് അടുത്ത സര്‍ക്കാരാണ്. ജനങ്ങള്‍ക്ക് ക്ഷേമം ഒരുക്കുന്നത് ഒരു സര്‍ക്കാരിന്റെ പ്രാഥമിക കര്‍ത്തവ്യമാണ്. അത് ഫലപ്രദമായി ചെയ്യണമെങ്കില്‍ മികച്ച ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് കൂടി വേണം. ഡല്‍ഹിയിലെ ആം ആദ്‌മി സര്‍ക്കാരാണ് സമീപകാലത്ത് വെല്‍ഫെയര്‍ പൊളിറ്റിക്‌സിന് പുതിയ മാനം പകര്‍ന്നത്. അതിന് അവര്‍ക്ക് സാധിക്കുന്നത് സാമ്പത്തിക ശേഷിയുള്ളതുകൊണ്ടാണ്. കേരളം പോലെ സാമ്പത്തികമായി ദുര്‍ബലമായ സംസ്ഥാനത്ത് ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ അത് അര്‍ഹരായവര്‍ക്ക് മാത്രം ഉറപ്പുവരുത്തുന്ന ഫില്‍ട്ടറിംഗും ധൂര്‍ത്ത് നിയന്ത്രണവും ആവശ്യമുണ്ട്. ഈ രണ്ടിലും കേരളത്തിലെ സര്‍ക്കാരിന്റെ ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് തീര്‍ത്തും പിറകിലാണ്.
ആത്യന്തികമായി ബജറ്റ് വിശകലനത്തിനുള്ള മാര്‍ഗങ്ങള്‍ സുതാര്യമാക്കുന്ന സാമ്പത്തിക രേഖയാകണം.. സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളുടെ അക്കൗണ്ടില്‍ ചില പദ്ധതികളുടെ ചെലവ് വകയിരുത്തുന്ന രീതി സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ കുറിച്ചുള്ള വിലയിരുത്തല്‍ ദുഷ്‌കരമാക്കുന്നു.