കടുവാക്കുന്നേല്‍ കുറുവച്ചനെ കേന്ദ്ര കഥാപാത്രമാക്കി നിര്‍മ്മിക്കുന്ന സിനിമകളുടെ ചിത്രീകരണം വീണ്ടും വഴിത്തിരിവിലേക്ക്. ഇതിനോടകം തന്നെ മലയാളി പ്രേഷകര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞ പേരാണ് കടുവാക്കുന്നേല്‍ കുറുവച്ചന്‍. ചിത്രത്തിന്‍റെ കഥയെ ചൊല്ലിയുളള തര്‍ക്കം കോടതി വരെ എത്തിക്കുന്ന സാഹര്യത്തിലാണ് ജീവിതത്തിലെ യഥാര്‍ത്ഥ കുറുവച്ചന്‍റെ പ്രതികരണം. തന്‍റെ അനുമതിയില്ലാതെ സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി എത്തിയിരിക്കുകയാണ് പാലക്കാരന്‍ കുരുവിനാല്‍ക്കുന്നേല്‍ കുറുവച്ചന്‍. അതേസമയം കുറുവച്ചനായി സുരേഷ് ഗോപി മതിയെന്നാണ് യഥാര്‍ത്ഥ കുറുവച്ചന്‍ പറയുന്നത്. തന്‍റെ ശരീരപ്രകൃതിയും ആകാര വടിവും ഡയലോഗുകളില്‍ പ്രത്യേകതയുമെല്ലാം സുരേഷ് ഗോപിയ്ക്ക് ഉളളതിനാലാണ് താനായി സുരേഷ്‌ഗോപി വേഷപകര്‍ച്ച ചെയ്യണമെന്ന് സാക്ഷാല്‍ കുറുവച്ചന്‍ പറയുന്നത്. സുരേഷ്‌ഗോപിയെ നായകനാക്കി നിര്‍മ്മിക്കുന്ന കടുവാക്കുന്നേല്‍ കുറുവച്ചന് കോടതി വിലക്കുളളപ്പോഴാണ് കുറുവച്ചനായി സുരേഷ്‌ഗോപി മതിയെന്ന നിലപാടുമായി കുറുവച്ചന്‍ എത്തിയിരിക്കുന്നത്.
കുറുവച്ചന്‍റെ പ്രതികരണം വന്നതോടെ പൃഥിരാജ് സിനിമ കടുവയുടെ ചിത്രീകരണത്തിന് തിരിച്ചടിയായിരിക്കുകയാണ്. കടുവയുടെ ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് കുറുവച്ചൻ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. പൃഥിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രത്തിന്‍റെ തിരക്കഥയും കഥാപാത്രവും സുരേഷ്‌ഗോപി ചിത്രത്തിനായി പകര്‍പ്പവകാശം ലംഘിച്ച് പകര്‍ത്തിയെന്നാരോപിച്ചാണ് കടുവയുടെ പിന്നണി പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചത്. ഇതേ തുടര്‍ന്ന് സുരേഷ്ഗോപി ചിത്രത്തിന് കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. മുളകുപാടം ഫിലിംസിന്‍റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കാനിരിക്കുന്ന ചിത്രമായിരുന്നു സുരേഷ്‌ഗോപിയുടെ കടുവാക്കുന്നേല്‍ കുറുവച്ചന്‍. സിനിമയിലെ സുരേഷ്‌ഗോപിയുടെ മാസ് ലുക്കിലുളള ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഷിബിന്‍ ഫ്രാന്‍സിസ് തിരക്കഥയെഴുതിയ ചിത്രം മാത്യു തോമസാണ് സംവിധാനം ചെയ്യുന്നത്.
എന്നാല്‍ ഈ സിനിമയ്ക്ക് വേണ്ടി ആരു കഥയെഴുതിയാലും താന്‍ കേട്ടതിനുശേഷം മാത്രമേ ചിത്രത്തിന് പകര്‍പ്പവകാശം നല്‍കുകയുളളുവെന്നും കുറുവച്ചന്‍ പറഞ്ഞു. താന്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ രഞ്ജിപണിക്കര്‍ക്കാണ് ചിത്രത്തിന് വാക്കാല്‍ അനുമതി നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസിലെ ഒരു ഉന്നത സ്ഥാനം വഹിച്ച ഉദ്യോഗസ്ഥനുമായി കുറുവച്ചന്‍ നടത്തിയ വര്‍ഷങ്ങളുടെ നിയമപോരാട്ടമാണ് കഥയ്ക്കാധാരം.
















