Web Desk
വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഗവണ്‍മെന്‍റ് ഇ-മാര്‍ക്കറ്റില്‍ (GEM) പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന ഉല്പന്നങ്ങളില്‍ ഉല്പാദക രാഷ്ട്രം സമ്പന്ധിച്ച വിവരങ്ങള്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രത്തിന്‍റെ ‘മെയ്ക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് തീരുമാനം.
മുന്നേ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉല്‍പന്നങ്ങളുടെ വിവരം പുതുക്കി നല്‍കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇത് ചെയ്യാത്തപക്ഷം ഉല്‍പന്നങ്ങള്‍ ജെം-ല്‍ നിന്ന് നീക്കം ചെയ്യുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പുനല്‍കി. അതേസമയം ഉത്പന്നങ്ങളിൽ എത്ര ശതമാനം തദ്ദേശീയ വസ്തുക്കൾ ഉണ്ടെന്നറിയാനുള്ള പ്രത്യേക സംവിധാനവും ജെം-ൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ വിപണിയിലെ എല്ലാ ഉല്‍പന്നങ്ങളും എവിടെ ഉല്‍പാദിപ്പിച്ചു, അതിൽ എത്ര ശതമാനം പ്രാദേശിക വസ്തുക്കൾ ഉപയോഗിച്ചു എന്ന വിവരങ്ങൾ ലഭ്യമാകും.
‘മെയ്ക്ക് ഇൻ ഇന്ത്യ’ ഫിൽറ്റർ സൗകര്യവും പോർട്ടലിൽ ഏർപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞത് 50 ശതമാനം എങ്കിലും പ്രാദേശിക വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ഉത്പന്നങ്ങൾ തെരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് ഇതിലൂടെ സാധിക്കും.