വെറുപ്പിന്റെ പ്രത്യയശാസ്‌ത്രം ഭരിച്ചിരുന്ന നാളുകള്‍ക്ക് വിട എന്ന ആശ്വാസചിന്തയുമായാണ് യുഎസ് ജനത പുതിയ പ്രസിഡന്റായ ജോ ബൈഡന്റെ അധികാര ആരോഹണത്തെ വരവേറ്റത്. ലോകത്തെ പല തരത്തിലും നിയന്ത്രിക്കുന്ന സാമ്പത്തിക, രാഷ്‌ട്രീയ ശക്തി എന്ന നിലയില്‍ യുഎസിലെ പ്രസിഡന്റിന്റെ നിലപാടുകള്‍ മറ്റ് രാഷ്‌ട്രങ്ങളെയും സ്വാധീനിക്കാറുണ്ട്. ആ നിലയില്‍ ബൈഡന്‍ എന്ന ജനാധിപത്യവാദിയുടെ അധികാര ആരോഹണം ജനാധിപത്യനിഷേധം മുഖമുദ്രയായ തീവ്രവലതുപക്ഷ പ്രത്യയശാസ്‌ത്രത്തിന് ലോകമെമ്പാടും കൈവരുന്ന ശക്തി അയയാന്‍ പ്രേരകമാകുമെന്ന് കരുതാം.
പ്രസിഡന്റായി സ്ഥാനമേറ്റയുടനെ തന്നെ ബൈഡന്‍ കാതലായ അഭിപ്രായവ്യത്യാസമുള്ള ട്രംപിന്റെ നയങ്ങളെ തിരുത്താന്‍ തുടങ്ങി കഴിഞ്ഞു. മുസ്ലിം ഭൂരിപക്ഷമുള്ള ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തിനുള്ള വിലക്ക് പിന്‍വലിച്ച ബൈഡന്‍ വെറുപ്പിന്റെയും മതവൈരത്തിന്റെയും തീവ്രരാഷ്‌ട്രീയത്തിന് എതിരായുള്ള ഇടപെടലാണ് നടത്തിയത്. യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണത്തിനുള്ള ഫണ്ട് മരവിപ്പിക്കുന്ന തീരുമാനവും കുടിയേറ്റക്കാരോടുള്ള സൗഹാര്‍ദം പുന:സ്ഥാപിക്കുന്നതിനുള്ള ഇടപെടലാണ്.
യുഎസ് ലോകത്തിനു നേരെ കൊട്ടിയടച്ച വാതിലുകള്‍ ഒന്നൊന്നായി തുറന്നിടുകയാണ് അദ്ദേഹം വിവിധ ഉത്തരവുകളിലൂടെ ചെയ്‌തത്. പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് പിന്‍മാറിയ ട്രംപിനെ തിരുത്തികൊണ്ട് യുഎസ് വീണ്ടും അതിന്റെ ഭാഗമാകുന്നതോടെ ആഗോളതലത്തില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം മൂലമുള്ള കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള ലോകരാഷ്‌ട്രങ്ങളുടെ കൂട്ടായ ശ്രമത്തിന് ശക്തി ലഭിക്കും. കച്ചവടകണ്ണ് മാത്രമുള്ള, പ്രകൃതി സ്‌നേഹവും മാനവികതയും തീര്‍ത്തും കുറഞ്ഞ, ഒരു തലതിരിഞ്ഞ രാഷ്‌ട്രീയക്കാരന്‍ ആയതുകൊണ്ടാണ് ട്രംപ് പാരിസ് ഉച്ചകോടിയില്‍ നിന്ന് പിന്മാറിയത്. അത് തിരുത്തികൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് പദത്തിലേറിയ ആദ്യദിനം തന്നെ ബൈഡന്‍ ഒപ്പുവെച്ചു.
ലോക ആരോഗ്യ സംഘടനയുമായുള്ള സഹകരണം പുന:സ്ഥാപിക്കാനുള്ള തീരുമാനവും സുപ്രധാനമാണ്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി ലോകം മുഴുവന്‍ നേരിടുന്ന ആഗോള മഹാമാരി സൃഷ്‌ടിച്ച പ്രതിസന്ധിയെ നേരിടുന്നതിന് യുഎസ് നേതൃത്വം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് പകരം ലോക ആരോഗ്യ സംഘടനക്കുള്ള സാമ്പത്തിക സഹായം പോലും നിര്‍ത്തിവെച്ച് `സ്വന്തം കാര്യം നോക്കുക’ ആണ് ട്രംപ് ചെയ്‌തത്. ആ തെറ്റ് തിരുത്താനുള്ള അവസരവും ആദ്യദിനം തന്നെ ബൈഡന്‍ വിനിയോഗിച്ചു.
പുതിയ പ്രസിഡന്റിന്റെ സ്ഥാനരോഹണ ചടങ്ങില്‍ പങ്കെടുക്കുക പോലും ചെയ്യാതെയാണ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിന്റെ പടിയിറങ്ങി ഫ്‌ളോറിഡയിലെ വസതിയിലേക്ക് തിരിച്ചത്. വൈറ്റ് ഹൗസ് വിട്ടാലും താന്‍ എല്ലാ കാര്യങ്ങളും നിരീക്ഷിക്കുമെന്നും മറ്റൊരു രൂപത്തില്‍ തിരിച്ചെത്തുമെന്നുമാണ് തന്റെ ആരാധകരെ അഭിസംബോധന ചെയ്‌തുകൊണ്ട് ട്രംപ് പറഞ്ഞത്. ഈ വാക്കുകള്‍ ബൈഡന് ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. ട്രംപ് വൈറ്റ് ഹൗസിന്റെ പടിയിറിങ്ങിയെങ്കിലും ട്രംപിസം ഒരു വിഭാഗം അമേരിക്കക്കാരുടെ മനസില്‍ നിന്ന് ഇപ്പോഴും പടിയിറങ്ങി പോയിട്ടില്ല. സ്ഥാനത്തും അസ്ഥാനത്തും അയാള്‍ ഇനിയും പ്രസരിപ്പിക്കാവുന്ന വെറുപ്പിന്റെ തീപ്പൊരി വീണ വാക്കുകള്‍ അവരുടെ മനസിലെ ട്രംപിസത്തിന്റെ ചാരം മൂടിയ കനലുകളെ വീണ്ടും ആളികത്തിക്കാം. അതുകൊണ്ടുതന്നെ അതിദേശീയവാദത്തിന് വീണ്ടും മേല്‍ക്കൈ കിട്ടാതിരിക്കാനും അതിന്റെ പ്രത്യയശാസ്‌ത്രപരമായ സംഘടിതത്വത്തെ ദുര്‍ബലമാക്കാനും കരുതലോടെയുള്ള നീക്കങ്ങള്‍ ബൈഡന്റെ ഭാഗത്തു നിന്നുണ്ടാകേണ്ടതുണ്ട്. ട്രംപിസ്റ്റുകളെ കൂടി വിശ്വാസത്തിലെടുക്കുന്ന തന്ത്രപരമായ രാഷ്‌ട്രീയത്തിന് മാത്രമേ അതിദേശീയവാദത്തിന്റെ വിഷവായുവിനെ അന്തരീക്ഷത്തില്‍ നിന്ന് അകറ്റാനാകൂ.