സൗദി അറേബ്യ: ഗതാഗത മേഖലയില്‍ വിദേശികളെ ഒഴിവാക്കി സ്വദേശികള്‍ക്ക് നിയമനം നല്‍കാനൊരുങ്ങി സൗദി. 45,000 ലേറെ സ്വദേശികള്‍ക്കാണ് ഗതാഗത മന്ത്രാലയം തൊഴില്‍ നല്‍കാന്‍ ലക്ഷ്യമിടുന്നതെന്ന് വകുപ്പ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു. സ്മാര്‍ട്ട് ഫോണ്‍ ആപുകള്‍ ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ടാക്സി കമ്പനികളില്‍ അടുത്ത ഘട്ടത്തില്‍ സൗദിവല്‍ക്കരണം പൂര്‍ത്തിയാകും.
ഗതാഗത മേഖലയില്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം, സൗദി കൗണ്‍സില്‍ ഓഫ് ചേംബേഴ്സ്, മാനവശേഷി വികസന നിധി എന്നീ വകുപ്പുകളുമായി ഗതാഗത മന്ത്രാലയം കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ടാക്സി മേഖലയില്‍ സ്വയം തൊഴില്‍ സുസ്ഥിരതക്കും കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ ടാക്സി മേഖലയില്‍ സ്വയം തൊഴില്‍ സുസ്ഥിരതയുമായി ബന്ധപ്പെട്ട് ഒപ്പുവെച്ച കരാറിലൂടെ പതിനായിരം തൊഴിലുകള്‍ക്ക് പിന്തുണ നല്‍കുമെന്നും എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ അറിയിച്ചു.വിഷന്‍ 2030 ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിന് എല്ലാ വകുപ്പുകളും തമ്മില്‍ സഹകരിക്കുന്നതിന്റെ ഭാഗമായാണ് ധാരണാപത്രം ഒപ്പുവെച്ചതെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി പറഞ്ഞു.