ബ്രിസ്‌ബെയിന്‍: ഓസിസിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ചരിത്ര വിജയം. ബ്രിസ്‌ബെയിനില്‍ നടന്ന ടെസ്റ്റില്‍ മൂന്ന് വിക്കറ്റിനാണ് ഓസിസിനെ ഇന്ത്യ തറപറ്റിത്. 328 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 32 വര്‍ഷം തോല്‍വിയറിയാതെ ഓസ്‌ട്രേലിയ മുന്നേറിയ മൈതാനത്താണ് ഇന്ത്യ ചരിത്ര ജയം കുറിച്ചത്.
ശുഭ്മാന്‍ ഗില്‍ (91), റിഷഭ് പന്ത് (പുറത്താകാതെ 89), ചേതേശ്വര്‍ പൂജാര (56) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യക്ക് അവിശ്വസിനീയ ജയം സമ്മാനിച്ചത്. ജയത്തോടെ നാല് മത്സരങ്ങളുടെ പരമ്പര 2-1 എന്ന നിലയില്‍ വിജയിച്ച ഇന്ത്യ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയും നിലനിര്‍ത്തി.
വിരാട് കൊഹ്‌ലിയും ബൂംറയുമടക്കമുള്ള മുന്‍നിര താരങ്ങള്‍ ഇല്ലാതിരുന്നിട്ടും യുവതാരങ്ങളുടെ നിര ഓസിസിനെ പൊരുതി തോല്‍പ്പിക്കുകയായിരുന്നു. അഞ്ചാം ദിനം തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മയെ ഇന്ത്യക്ക് നഷ്ടമായിരുന്നു. എന്നാല്‍ മൂന്നാമനായി ക്രീസിലെത്തിയ പൂജാര നങ്കൂരമിട്ടതോടെ ഒരുവശം ഉറച്ചു. മറുവശത്ത് ഓസീസ് പേസ് പടയെ പേടിയില്ലാതെ നേരിട്ട യുവതാരം ശുഭ്മാന്‍ ഗില്‍ സ്‌കോര്‍ അനായാസം ഉയര്‍ത്തി.
സെഞ്ചുറിക്ക് ഒന്‍പത് റണ്‍സ് അകലെ ഗില്‍ വീണെങ്കിലും പന്ത് ഇന്ത്യയെ വിജയതീരത്ത് എത്തിക്കുകയായിരുന്നു. നായകന്‍ അജിങ്ക്യ രഹാനെ (24), വാഷിംഗ്ടണ്‍ സുന്ദര്‍ (22) എന്നിവരും ഇന്ത്യന്‍ സ്‌കോറിലേക്ക് കാര്യമായ സംഭാവന നല്‍കി.