English മലയാളം

Blog

world mental health day

 

തിരുവനന്തപുരം: ലോകം ഒന്നാകെ കോവിഡ്19 മഹാമാരിക്കെതിരെ പോരാടുന്ന സമയത്താണ് ലോക മാനസികാരോഗ്യ ദിനം ഒക്‌ടോബര്‍ 10ന് ആചരിക്കുന്നത്. ‘എല്ലാവര്‍ക്കും മാനസികാരോഗ്യം, കൂടുതല്‍ നിക്ഷേപം, കൂടുതല്‍ പ്രാപ്യം ഏവര്‍ക്കും എവിടെയും’ എന്നതാണ് ഈ വര്‍ഷത്തെ മാനസികാരോഗ്യ ദിനാചരണത്തിന്റെ വിഷയം.

കോവിഡ് മഹാമാരി എല്ലാ മേഖലകളിലും വെല്ലുവിളികള്‍ ഉണ്ടാക്കുമ്പോള്‍ മാനസികാരോഗ്യത്തിന് വലിയ പ്രാധാന്യം നല്‍കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ശാരീരിക ആരോഗ്യത്തെ സംരക്ഷിക്കാനായി എല്ലാവരും മുന്‍കരുതലുകള്‍ എടുക്കുമ്പോള്‍ പലരും മാനസികാരോഗ്യം പൊതുവെ അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്. ഈ പ്രവണത മാറ്റാനും മാനസികാരോഗ്യ സേവനങ്ങള്‍ എല്ലാവരിലേക്കും എത്തിക്കാനും എല്ലാവര്‍ക്കും പൂര്‍ണ മാനസികാരോഗ്യം ഉറപ്പുവരുത്താനും കോവിഡിന്റെ ആരംഭം മുതല്‍ തന്നെ ആരോഗ്യ വകുപ്പ് മാനസികാരോഗ്യത്തിന് വലിയ പ്രാധാന്യമാണ് നല്‍കിയത്. മാനസികാരോഗ്യ പരിചരണത്തിനായി ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’ എന്ന പേരില്‍ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് സേവനങ്ങള്‍ ഫെബ്രുവരി ആദ്യവാരം മുതല്‍ തന്നെ നല്‍കി വരുന്നു. ക്വാറന്റൈനിലും ഐസൊലേഷനലും കഴിഞ്ഞ 14.9 ലക്ഷം പേര്‍ക്ക് ഉള്‍പ്പെടെ 36.46 ലക്ഷം കോളുകളാണ് നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.

എന്ത് അത്യാഹിതമോ ദുരന്തമോ വന്നാലും അതിന്റെ പ്രതിധ്വനിയായി മാനസിക പ്രശ്‌നങ്ങളുമുണ്ടാക്കാം. ഇത് തിരിച്ചറിഞ്ഞാണ് ഓഖി, നിപ, പ്രളയം, ഉരുള്‍പൊട്ടല്‍, കോവിഡ് തുടങ്ങിയ സമയങ്ങളില്‍ മാനസികാരോഗ്യ പരിപാടി ശക്തമാക്കിയത്. ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടിയുടെ കീഴിലാണ് എല്ലാ ജില്ലകളിലും ഇത് രൂപീകരിച്ചിട്ടുള്ളത്. സൈക്യാട്രിസ്റ്റുകള്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍മാര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെട്ട 1346 മാനസികാരോഗ്യ പ്രവര്‍ത്തകര്‍ ജില്ലാ അടിസ്ഥാനത്തില്‍ എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്നു. ഇവരാണ് ക്വാറന്റൈനിലും ഐസോലെഷനിലും കഴിയുന്ന എല്ലാ വ്യക്തികള്‍ക്കും സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് സേവനങ്ങള്‍ നല്‍കുന്നത്. മാനസിക സമ്മര്‍ദം, ഉത്കണ്ഠ, വിഷാദം, ഉറക്കക്കുറവ്, എന്നിവയ്ക്ക് വിദഗ്ധ സേവനം ലഭ്യമാക്കുന്നു. സ്റ്റിഗ്മ, സാമൂഹിക ആവശ്യങ്ങള്‍ എന്നിവയ്ക്ക് അതാത് പഞ്ചായത്തുകള്‍ അല്ലെങ്കില്‍ ഐസിഡിഎസ്. മുഖാന്തരം സഹായം നല്‍കുന്നു.

Also read:  വീണ്ടും ആയിരം കടന്ന് രോഗികള്‍: സംസ്ഥാനത്ത് 1103 പേര്‍ക്ക് കോവിഡ്

ഇതുകൂടാതെ ലോക്ക് ഡൗണ്‍ സമയത്ത് മാനസികാരോഗ്യ ചികിത്സയില്‍ ഇരിക്കുന്നവര്‍, ഭിന്നശേഷി കുട്ടികള്‍, അഥിതി തൊഴിലാളികള്‍, ഒറ്റയ്ക്ക് കഴിയുന്ന വയോജനങ്ങള്‍ എന്നിങ്ങനെ 3,48,860 പേര്‍ക്ക് ഇത്തരത്തില്‍ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് കോളുകള്‍ നല്‍കി. കോവിഡ് രോഗ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ മാനസിക സമ്മര്‍ദം ലഘൂകരിക്കുന്നതിനും ടെലി കൗണ്‍സിലിംഗ് നല്‍കുന്നു. ഇതുവരെ 60,515 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സേവനം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ കുട്ടികളുടെ മാനസിക സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനും സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട്, കൗണ്‍സിലിംഗ് കോളുകള്‍ നല്‍കുന്നു. 3,55,884 കുട്ടികളെ വിളിക്കുകയും 35,523 കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തിട്ടുണ്ട്. എല്ലാ വിഭാഗത്തിനുമായി 36,46,315 സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട്, കൗണ്‍സിലിംഗ് സേവനങ്ങളാണ് സംസ്ഥാനമൊട്ടാകെ ഇതുവരെ നല്‍കിയത്.

Also read:  ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പെരിന്തല്‍മണ്ണ അഗ്നിശമന ഓഫിസ് അടച്ചു

ശാരീരികാരോഗ്യം പോലെ മാനസികാരോഗ്യത്തിനും സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുകയാണ്. കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മാനസികാരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കി. 14 ജില്ലകളിലും മാനസികാരോഗ്യ പരിപാടി നടപ്പിലാക്കുകയും 272 മാനസികാരോഗ്യ ക്ലിനിക്കുകള്‍ സജ്ജമാക്കുകയും ചെയ്തു. സമ്പൂര്‍ണ മാനസികാരോഗ്യ പദ്ധതിയിന്‍ കീഴില്‍ ഇതുവരെ 24,964 പേരെ പുതുതായി കണ്ടെത്തി അവരുടെ തൊട്ടടുത്തുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ തന്നെ മാനസികാരോഗ്യ ചികിത്സ ലഭ്യമാക്കുന്നു. ആശ്വാസം വിഷാദരോഗ ക്ലിനിക്കുകള്‍ എന്നിവ സജ്ജമാക്കി. ഈ പദ്ധതിയ്ക്ക് കീഴില്‍ ഇതുവരെ 55,339 പേരെ സ്‌ക്രീന്‍ ചെയ്യുകയും 10,302 പേരെ വിഷാദ രോഗമുണ്ടെന്ന് കണ്ടെത്തി ചികിത്സ ആരംഭിക്കുകയും ചെയ്തു.

ആത്മഹത്യ നിരക്ക് കുറയ്ക്കുക എന്നത് ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ ആത്മഹത്യ പ്രതിരോധ കാമ്പയിന്‍ ‘ജീവരക്ഷ’ മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ ആരംഭിച്ചിട്ടുണ്ട്. വിഷമതകള്‍ അനുഭവിക്കുന്ന ജനങ്ങളുമായി ഇടപഴകാന്‍ സാധ്യതയുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, ടീച്ചര്‍മാര്‍, പോലീസുകാര്‍, ജനപ്രതിനിധികള്‍, മതപുരോഹിതര്‍ എന്നിവര്‍ക്ക് ആത്മഹത്യയുടെ അപകട സൂചനകള്‍, മാനസിക പ്രഥമ ശുശ്രുഷ എന്നിവ ഉള്‍പ്പെടെയുള്ള ആത്മഹത്യ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കുന്നു.

Also read:  ഗുരുവായൂര്‍ കെഎസ്ആർടി.സി ഡിപ്പോ അടച്ചു ;കണ്ടക്ടര്‍ക്ക് കോവിഡ്

അടുപ്പമുള്ള ആളുകള്‍ ആത്മഹത്യ ചെയ്യുവാനുള്ള സാധ്യത ഓരോരുത്തരും മനസിലാക്കുന്നത് വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കുവാന്‍ സഹായകമാകും. മറ്റുള്ളവരില്‍ നിന്നും ഉള്‍വലിയുക, ജീവിതത്തെ കുറിച്ച് നിരാശ, നിസഹായാവസ്ഥ പ്രകടിപ്പിക്കുക, ലഹരിവസ്തുക്കളുടെ ഉപയോഗം തുടങ്ങി സ്വഭാവത്തിലും പെരുമാറ്റത്തിലും പെട്ടെന്നുണ്ടാകുന്ന മാറ്റം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്.

കൃത്യ സമയത്ത് ഇടപെട്ടാല്‍ ആത്മഹത്യ ഒരു പരിധിവരെ ചെറുക്കാവുന്നതാണ്. ആത്മഹത്യ പ്രവണത ഉള്ളവര്‍ക്കും ആത്മഹത്യ ശ്രമങ്ങള്‍ നടത്തുന്നവര്‍ക്കും മാനസിക പ്രഥമ ശുശ്രുഷയും, ആവശ്യമെങ്കില്‍ ചികിത്സയും ലഭ്യമാക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടേണ്ടതാണ്. ചുറ്റുമുള്ളവരുടെ വിഷമതകള്‍ തുറന്നു പറയുവാന്‍ സമയം നല്‍കുക. വിഷമതകള്‍ പരിഹരിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും നമുക്ക് അവരെ ശ്രദ്ധയോടെ കേള്‍ക്കാം. ആവശ്യമെങ്കില്‍ വിദഗ്ധ സഹായം തേടാം. ഇത്തരം കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുവാന്‍ കൂടി വേണ്ടിയാണ് സര്‍ക്കാര്‍ ‘ജീവരക്ഷ’ എന്ന ആത്മഹത്യ പ്രതിരോധ ക്യാമ്പയിന്‍ ആരംഭിച്ചിട്ടുള്ളത്. എല്ലാവരും ഇതില്‍ പങ്കാളികളാകുക. നമുക്ക് ഒരുമിച്ച് വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കാം.

ജീവരക്ഷയുടെ ഭാഗമായി ആത്മഹത്യ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ദിശ 1056 സജ്ജമാക്കിയിട്ടുണ്ട്. എന്തെങ്കിലും മാനസിക വിഷമതകള്‍ ഉണ്ടെങ്കില്‍ ദിശ ടോള്‍ ഫ്രീ നമ്പറായ 1056 ലേക്ക് വിളിക്കുകയോ, ജില്ലയിലെ മാനസികാരോഗ്യ പരിപാടിയുമായി ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.