ഡല്‍ഹി: പട്ടയ ഭൂമിയിലെ വാണിജ്യ നിയന്ത്രണം ഇടുക്കി ജില്ലയില്‍ മാത്രമായി പരിമിതപ്പെടുത്തരുതെന്ന് സുപ്രീംകോടതി. നിയന്ത്രണം സംസ്ഥാന വ്യാപകമാക്കണമെന്ന ഹൈക്കോടതി ഉത്തരവിന് എതിരായ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളുകയായിരുന്നു.
2010ല്‍ മൂന്നാറിലെയും പരിസരത്തേയും ഭൂമി കൈയ്യേറ്റങ്ങള്‍ക്കെതിരെ പരിസ്ഥിതി സംഘടന സമീപിച്ചതോടെയാണ് ഇടുക്കിയിലെ ഭൂവിനിയോഗം സംബന്ധിച്ച നിയമപ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്. തുടര്‍ന്ന് മൂന്നാറുള്‍പ്പെടെ എട്ട് വില്ലേജുകളില്‍ നിര്‍മാണ നിരോധനം ഏര്‍പ്പെടുത്തി. ഇതുകൂടാതെ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവുകളും ഇവിടത്തെ സാധാരണക്കാരെ ബാധിച്ചു. എട്ട് വില്ലേജുകളിലും ഇടുക്കിയിലും മാത്രമായി ഭൂപതിവ് ചട്ടം ബാധമാക്കി നിര്‍മാണ നിരോധനം ഏര്‍പ്പെടുത്തിയതിനെതിരെ ചില സ്വകാര്യ വ്യക്തികളും അതിജീവന പോരാട്ട വേദിയും ഹൈക്കോടതിയെ സമീപിച്ചു. പട്ടയ വ്യവസ്ഥകളുടെ ലംഘനം തടയുന്നതിന് കേരളത്തില്‍ മുഴുവന്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിടുകയും ചെയ്തു.
നിയമഭേദഗതി പരിഗണനയിലുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടും നാല് മാസമായി ഒരു താല്‍പര്യവും കാണിക്കാതെയായി. ഇതോടെ ഹൈക്കോടതി നിയമം കേരളം മുഴുവന്‍ നടപ്പിലാക്കാന്‍ ഉത്തരവിട്ടു. സര്‍ക്കാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 29ന് എല്ലാ റവന്യൂ ഉദ്യോഗസ്ഥര്‍ക്കും ഉത്തരവ് അയച്ചുകൊടുത്ത് നിയമം നടപ്പാക്കാന്‍ കോടതി നിര്‍ദേശിച്ചു. ഓഗസ്റ്റ് 14ന് മുന്‍പ് വിധി നടപ്പാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. തുടര്‍ന്ന് കോടതിയലക്ഷ്യ നടപടികളിലേക്ക് കടക്കുകയായിരുന്നു.
ഭൂപതിവ് നിയമം കേരളം മുഴുവന്‍ നടപ്പാക്കുള്ള സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.