Web Desk
കൊച്ചി: രണ്ടുപേർക്ക് സമ്പർക്കം മൂലം കോവിഡ് പടർന്നതിന് പിന്നാലെ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ സ്വയം ക്വാറന്‍റൈനിൽ പോയതോടെ എറണാകുളം ജില്ലയിൽ സമൂഹവ്യാപനം സംബന്ധിച്ച് ആശങ്ക. ഭീതിപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ കർശനമായ നിരീക്ഷണത്തിലാണെന്നും ജില്ലാ അധികൃതർ.
എറണാകുളം ജില്ലയുടെ കോവിഡ് പ്രതിരോധ നടപടികളുടെ ചുമതല മന്ത്രി വി.എസ്. സുനിൽകുമാറാണ് വഹിച്ചിരുന്നത്. കൊച്ചിയിൽ ക്യാമ്പ് ചെയ്തായിരുന്നു പ്രവർത്തനം. സ്വന്തം നാടായ തൃശൂരിൽ നഗരസഭയിൽ ചേർന്ന യോഗത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ഈ യോഗത്തിൽ പങ്കെടുത്ത ആരോഗ്യപ്രവർത്തകക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മന്ത്രി സ്വയം നിരീക്ഷണത്തിന് തീരുമാനിച്ചത്.തൃശൂരിലെ യോഗത്തിൽ ആശങ്ക വേണ്ടെങ്കിലും മുൻകരുതലാണ് മന്ത്രിയുടെ സ്വയം നിരീക്ഷണം. എറണാകുളത്ത് അതിന് മുമ്പാണ് മന്ത്രിയുണ്ടായിരുന്നത്. അതിനാൽ ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ അധികൃതർ പറയുന്നു.
കളമശേരി പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ സ്‌റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിലാക്കി. അതിന് പിന്നാലെയാണ് വൈപ്പിൻ ദ്വീപിലെ നായരമ്പലം സ്വദേശിക്ക് ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. പനിയും ചുമയും വന്നതോടെ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. അദ്ദേഹത്തിന് രോഗം എവിടെ നിന്ന് പടർന്നുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നായരമ്പലത്തെ സർക്കാർ ആശുപത്രിയിലും എറണാകുളം കലൂരിലെ സ്വകാര്യ ആശുപത്രിയിലുമാണ് അദ്ദേഹം പോയിട്ടുള്ളത്. വീടിന് പുറത്തേക്ക് അധികം സഞ്ചരിച്ചിട്ടില്ല. അദ്ദേഹത്തിൽ നിന്ന് രോഗം പകരാൻ സാധ്യതയില്ലെന്നനാണ് ആരോഗ്യ വകുപ്പ് പറയുന്നത്. സന്ദർശിച്ച രണ്ട് ആശുപത്രികളിലും സുരക്ഷാ നടപടികൾ സ്വീകരിച്ചു. പരിശോധിച്ച ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്കും നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. പെരുമ്പാവൂർ വെങ്ങോലയിൽ രോഗം സ്ഥിരീകരിച്ച പൊലീസുകാരൻ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റൈ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്. അവിടെയും ആശങ്കക്ക് വകയില്ലെന്നാണ് അധികൃതരുടെ നിലപാട്. എങ്കിലും സമ്പർക്കം വഴി രോഗം പകർന്നതിനെ ഗൗരവമായി കാണണമെന്ന നിലപാടിലാണ് ഡോക്ടർമാർ. കൂടുതൽ ജാഗ്രത പൊതുജനങ്ങൾ പാലിക്കണമെന്ന് ഐ.എം.എ നിർദ്ദേശിക്കുന്നുണ്ട്.