കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തു. ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ എത്തിയാണ് വിജിലന്‍സ് ഇബ്രാഹിം കുഞ്ഞിന്റെ
അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാനായി അതിരാവിലെ തന്നെ വിജിലന്‍സ് സംഘം വീട്ടിലെത്തിയെങ്കിലും അദ്ദേഹം ആശുപത്രിയിലാണെന്ന് വീട്ടുകാര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ എത്തിയ സംഘം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഇന്നലെ രാത്രിയാണ് ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിലേക്ക് മാറിയത് അറസ്റ്റ് മുന്നില്‍ കണ്ടുകൊണ്ടാണെന്നാണ് സൂചന. അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ഇബ്രാഹിം കുഞ്ഞ് ആശുപത്രിയില്‍ തന്നെ തുടരാണ് സാധ്യത. അദ്ദേഹത്തിന് ചികിത്സ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായാണ് വിവരം.
അതേസമയം ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനം സര്‍ക്കാരിന്റെ രാഷ്ട്രീയ നീക്കമാണെന്ന് പി.ടി തോമസ് ആരോപിച്ചു. ഇത് പുകമറ സൃഷ്ടിക്കാനുള്ള നീക്കമാണെന്നും യുഡിഎഫ് ഇതിനെ ചെറുക്കുമെന്നും പി.ടി തോമസ് പ്രതികരിച്ചു.