English हिंदी

Blog

ramesh chennithala

Web Desk

തിരുവനന്തപുരം: ഇന്ത്യന്‍ മണ്ണില്‍ കടന്നു കയറി ചൈന നടത്തിയ അതിക്രമത്തെ ചെറുക്കുന്നതിനിടയില്‍ ഇരുപത് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും ചൈനയെ അപലപിക്കാന്‍ തയ്യാറാവാത്തില്‍ ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു തുറന്ന കത്ത് നല്‍കി.പഴയ ചൈനീസ് പക്ഷപാതം ഇപ്പോഴും മുഖ്യമന്ത്രിയും സി.പി.എമ്മും തുടരുകയാണോ എന്ന് അദ്ദേഹം കത്തില്‍ ചോദിച്ചു. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന നിലയ്ക്ക് ഇന്ത്യക്ക് നേരെയുണ്ടായ ആക്രണണത്തെ അപലപിക്കാന്‍ മുഖ്യമന്ത്രിക്ക് ബാദ്ധ്യതയുണ്ടെന്ന് രമേശ് ചെന്നിത്തല കത്തില്‍ ഓര്‍മ്മപ്പെടുത്തി.

കത്തിന്‍റെ പൂര്‍ണ്ണരൂപം താഴെ:

പ്രിയ മുഖ്യമന്ത്രി,

ജൂണ്‍ 15 ന് രാത്രി കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ് വരയില്‍ ഇന്ത്യന്‍ മണ്ണിലേക്ക് കടന്നുകയറ്റം നടത്തിയ ചൈനീസ് പട്ടാളത്തിന്റെ അതിക്രമത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ച സംഭവം നമ്മെയാകെ ഞെട്ടിക്കുകയും ആശങ്കാകുലരാക്കുകയും ചെയ്തിരിക്കുകയാണല്ലോ? ഇന്ത്യന്‍ മണ്ണിലേക്കുള്ള ചൈനയുടെ കടന്നുകയറ്റവും നമ്മുടെ സൈനികരുടെ  രക്ത സാക്ഷിത്വവും  രാജ്യത്ത് വലിയൊരു വൈകാരിക വേലിയേറ്റം സൃഷ്ടിച്ചിരിക്കുകയാണ്. രാജ്യം മുഴുവനും  ഒറ്റക്കെട്ടായി നിന്ന്  ഈ ആക്രമണത്തെ അപലപിച്ചപ്പോള്‍ അങ്ങയും അങ്ങയുടെ പാര്‍ട്ടിയായ സി പി എമ്മും   ചൈനീസ് അതിക്രമത്തിനെതിരെ  മൗനം പാലിച്ചത്  അത്യന്തം ഖേദകരമാണ്. 20 ഇന്ത്യന്‍ സൈനികരുടെ ജീവത്യാഗത്തെക്കുറിച്ചുള്ള അങ്ങയുടെ ട്വീറ്റ് കണ്ടു. അതില്‍ ചൈന എന്നൊരു വാക്കില്ല. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ട്വീറ്റിലും അക്രമകാരികളായ ചൈനയെക്കുറിച്ച് മിണ്ടുന്നേയില്ല.

Also read:  റഷ്യന്‍ കോവിഡ് വാക്‌സിന്റെ പരീക്ഷണത്തിന് ഇന്ത്യയില്‍ അനുമതി

1962 ലെ ചൈനീസ് ആക്രമണകാലത്ത് ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന പ്രദേശം  എന്ന് പറഞ്ഞ് കൊണ്ട് ചൈനീസ്   അധിനിവേശത്തെ വെള്ളപൂശിയ ഇ എം എസിന്റെ നിലപാടില്‍  നിന്ന താങ്കളുടെ പാര്‍ട്ടി ഒരിഞ്ച് പോലും പിന്നോക്കം പോയിട്ടില്ല എന്നാണോ ഇത് കാണിക്കുന്നത്. എങ്കില്‍ അത് അത്യധികം ദുഖകരമാണ്.

നെഹ്റു സര്‍ക്കാരിന്റെ വര്‍ഗസ്വഭാവം സാമ്രാജ്യത്വ മുതലാളിത്തമാണൊരോപിച്ച് കൊണ്ടും  നെഹ്റുവിന്റെ കാഴ്ചപ്പാടുകളെ പിന്തുണച്ചിരുന്ന എസ് എ ഡാങ്കേയെപ്പോലുള്ളവര്‍ക്കുണ്ടായിരുന്ന  സോവിയറ്റ് അനുകൂല നിലപാടിനെ  നെഹ്റു അനുകൂല നിലപാടാക്കി വ്യാഖ്യാനിച്ചുകൊണ്ടുമാണ്  പിന്നീട് സി.പി.എം ആയി മാറിയ വിഭാഗം  1964 ല്‍  ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ  പിളര്‍ത്തിയത്.  അന്ന്  മുതല്‍ ഇന്ന് വരെ  സി പി എമ്മിന്റെ  മാറി മാറി വന്ന നേതൃത്വങ്ങളിലാരും തങ്ങളുടെ ചൈനീസ്  പക്ഷപാതിത്വത്തെ മറച്ച് വച്ചിട്ടില്ല.

1962 ലെ ചൈനീസ് യുദ്ധകാലത്ത് ജയില്‍വാസത്തിനിടയില്‍ ചൈനീസ് ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക്  രക്തദാനം സംഘടിപ്പിച്ച വി.എസ് അച്യുതാനന്ദനെതിരെ പാര്‍ട്ടി നടപടിയെടുത്ത കാര്യം അങ്ങേയ്്ക്കും അറിയാമല്ലോ?  അത്രക്ക് ചൈനീസ് വിധേയത്വം പ്രകടിപ്പിച്ചിരുന്ന ഒരു വിഭാഗമാണ്  പിന്നീട്  കമ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) എന്ന പേരില്‍  പാര്‍ട്ടി രൂപീകരിച്ച് മാതൃസംഘടനയില്‍ നിന്ന് പുറത്ത് വന്നത്.  അന്ന് മുതല്‍ ഇന്ന് വരെ   ചൈന അനുകൂല നിലപാടില്‍  നിന്ന്  അല്‍പ്പം  പോലും  പിന്നോക്കം മാറാന്‍  അങ്ങയുടെ   പാര്‍ട്ടി ശ്രമിച്ചിട്ടില്ല.   അത് കൊണ്ടാണ് നമ്മുടെ ധീര  സൈനികള്‍  രക്തസാക്ഷിത്വം വരിച്ചപ്പോള്‍ അതിന് കാരണക്കാരായ  ചൈനീസ് ഭരണകൂടത്തെ വിമര്‍ശിക്കാന്‍ അങ്ങ് തുനിയാതിരുന്നത്  എന്ന്  ആരെങ്കിലും  സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല.

Also read:  അവസാന വര്‍ഷ ബിരുദ പരീക്ഷകള്‍ ഓഗസ്റ്റ് 31ന് മുമ്പ് , അധ്യയന വര്‍ഷം ഒക്‌ടോബര്‍ ഒന്നിന് ; യുജിസി നിര്‍ദേശം

സിപിഎം രൂപീകരണത്തിന് ഒരു വര്‍ഷത്തിന് ശേഷം 1965 ല്‍ അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരു ഗുല്‍സാരിലാല്‍ നന്ദ  പറഞ്ഞ വാചകങ്ങള്‍ ആണ് ഇപ്പോള്‍ ഞാനോര്‍മിക്കുത്. ഏഷ്യയിലെ ചൈനീസ് ആധിപത്യമോഹങ്ങളുടെയും അതിനായുള്ള തന്ത്രങ്ങളുടെയു അഭിവാജ്യഘടകമായി   പ്രവര്‍ത്തിക്കുക എതാണ് ഇന്ത്യയിലെ സി പി എമ്മിന്റെ  ലക്ഷ്യം എന്നാണ്  അന്നേദ്ദഹം   പറഞ്ഞത്.  1989 ല്‍ ടിയാനമെന്‍ ചത്വരത്തില്‍ ചൈനീസ് പട്ടാളം നടത്തിയ വിദ്യാര്‍്ത്ഥി കൂട്ടക്കൊലയെ പിന്തുണച്ച  ലോകത്തിലെ ഏക പാര്‍ട്ടിയും ഇന്ത്യയിലെ സി പിഎം ആയിരുന്നു. ചൈനക്കെതിരായ സാമ്രാജ്യത്വ ഗൂഡാലോചനയാണ് ഈ കലാപം എന്നാണ് അന്ന് സി പി എം  ഔദ്യേഗികമായി ഇതിനെ  വിലയിരുത്തിയത്. പാര്‍ട്ടി നിലപാടിനെതിരെ നില കൊണ്ട പി ഗോവിന്ദപിള്ളയെ അന്ന്  താങ്കളുടെ പാര്‍ട്ടി ശാസിക്കുകയും ചെയ്തു.

2017 ല്‍ ദോക് ലാമില്‍  ഇന്ത്യ ചൈന  അതിര്‍ത്തി പ്രതിസന്ധി രൂക്ഷമായിരിക്കുന്ന  അവസരത്തില്‍  സി പി എം മുഖപത്രമായ പിപ്പിള്‍സ് ഡെമോക്രസി അതിനെക്കുറിച്ച്  മുഖപ്രസംഗം എഴുതിയതും ഞാനോര്‍ക്കുന്നു. അതിര്‍ത്തിയില്‍ സമാധാനവും സഹവര്‍ത്തിത്വവും പുലരാന്‍ ഇന്ത്യയും ചൈനയും യത്നിക്കണം എന്നും  ചൈനയുമായുള്ള ചര്‍ച്ചകള്‍ക്ക് ഭൂട്ടാന്‍ മധ്യസ്ഥത വഹിക്കണമെന്നുമാണ് എഴുതിയത്.   ഭൂട്ടാന്  ഇക്കാര്യത്തില്‍ പിന്തുണ നല്‍കുക എന്നതാണ്  ഇന്ത്യയുടെ ദൗത്യമാണെന്നാണ് പിപ്പിള്‍ ഡമോക്രസി ഉത്ബോധിപ്പിച്ചത്. അപ്പോഴും  ദോക് ലാമിലെ  പ്രതിസന്ധി സൃഷ്ടിക്കുന്നതില്‍ ചൈനക്കുള്ള പങ്കിനെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ ഇന്ത്യയെ മാത്രം ഉപദേശിക്കുകയാണ്  സിപിഎം മുഖപത്രം ചെയ്തത്. 2018 ജനുവരിയില്‍ ആലപ്പുഴയില്‍ പാര്‍ട്ടി സമ്മേളനത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ചതും ഇപ്പോള്‍ ഓര്‍മ്മയില്‍ വരുന്നു.  ഇന്ത്യ, ജപ്പാന്‍, ആസ്‌ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങള്‍ ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നു എന്നാണ് അന്ന് കോടിയേരി പ്രസംഗിച്ചത്. ഇപ്പോഴും അതേ നിലപാടില്‍ തന്നെയാണോ അങ്ങും അങ്ങയുടെ പാര്‍ട്ടിയും നിലകൊള്ളുന്നതെന്ന് അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് താത്പര്യമുണ്ട്. കാരണം അങ്ങയുടെ പാര്‍ട്ടിയാണ് ഇപ്പോള്‍ കേരളത്തില്‍ ഭരണം നയിക്കുന്നത്. ഇന്ത്യയുടെ സുരക്ഷയും പരമാധികാരവും കാത്തു സൂക്ഷിക്കാനും അതിനോട് ഐക്യദാര്‍ഢ്യം പുലര്‍ത്താനും ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഭരണകക്ഷി എന്ന നിലയ്ക്ക് അങ്ങുടെ പാര്‍ട്ടിക്കും ബാദ്ധ്യതയുണ്ട് എന്ന കാര്യം ഞാന്‍ ഓര്‍മ്മിപ്പിക്കട്ടെ. അത് കൊണ്ടു തന്നെ പാര്‍ട്ടി നേതാവ് എന്നതിനപ്പുറം ഇന്ത്യയിലെ  ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന നിലയ്ക്ക് ഈ വിഷയത്തില്‍ താങ്കളുടെ നിലപാട് എന്താണെന്ന് വെളിപ്പെടുത്തണം.

Also read:  മാധ്യമ- വിനോദ മേഖല 2030 ഓടെ 100 ബില്ല്യണ്‍ വളര്‍ച്ചയിലെത്തും: കെ മാധവന്‍

1962 ലെ ചൈന യുദ്ധകാലത്ത്  അന്ന് സിപിഐ നേതൃത്വത്തിലുണ്ടായിരുന്ന,  പിന്നീട് സി പിഎം ആയവര്‍ കൈക്കൊണ്ട  ചൈനീസ് പക്ഷപാത  നിലപാടില്‍ നിന്ന് പിന്നോക്കം പോകാന്‍ അങ്ങേക്കും അങ്ങയുടെ പാര്‍ട്ടിക്കും കഴിയാതിരിക്കുന്നത് ചരിത്രത്തോടുള്ള നീതികേടാണ്. ലോകവും ഇന്ത്യയും മാറിയിട്ടും  അത് മനസിലാക്കാനും കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കാനും അങ്ങുള്‍പ്പെടെയുള്ള  സി പിഎമ്മിന്റെ നേതൃത്വത്തിന് കഴിയാതെ പോകുന്നതില്‍  ഉള്ള സഹതാപവും ദുഖവും ഈ കത്തിലൂടെ അങ്ങയെ അറിയിക്കുന്നു.

 

രമേശ് ചെന്നിത്തല,

(പ്രതിപക്ഷ നേതാവ്)