കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റഎ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്.
ആരോഗ്യസ്ഥിതി കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യം തേടിയിരിക്കുന്നത്. തെളിവ് ഇല്ലാതെയാണ് തന്നെ അറസ്റ്റ് ചെയ്തത്. അര്‍ബുദ രോഗിയാണെന്നും പരസഹായമില്ലാതെ കാര്യങ്ങള്‍ ചെയ്യാനാകില്ലെന്നും ഇബ്രാഹിം കുഞ്ഞ് ജാമ്യാപേക്ഷയില്‍ പറയുന്നു.
അതേസമയം ഇബ്രാഹിം കുഞ്ഞിന് ജാമ്യം നല്‍കരുതെന്ന് വിജിലന്‍സ് കോടതിയില്‍ വാദിക്കും. തുടര്‍ ചോദ്യം ചെയ്യലിനായി നാലുദിവസത്തെ കസ്റ്റഡി വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നീക്കം എതിര്‍ക്കാനാണ് ഇബ്രാഹിം കുഞ്ഞിന്റെ അഭിഭാഷകരുടെ നീക്കം.
14 ദിവസം റിമാന്‍ഡിലായ ഇബ്രാഹിം കുഞ്ഞ് നിലവില്‍ ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി നേരിട്ട് ആശുപത്രിയില്‍ എത്തിയാണ് ഇബ്രാഹിംകുഞ്ഞിനെ റിമാന്‍ഡ് ചെയ്യാനുള്ള നടപടി സ്വീകരിച്ചത്.