കെ.അരവിന്ദ്
ഇന്ത്യയിലെ ഏറ്റവും വലിയ അസറ്റ് മാനേജ്‌മെന്റ്‌കമ്പനിയായ എച്ച്‌ഡിഎഫ്‌സി എഎംസി 3.6 ലക്ഷം കോടി രൂപയുടെ ആസ്‌തിയാണ് കൈകാര്യം ചെയ്യുന്നത്. ഹൗസിങ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെയും സ്റ്റാന്റേര്‍ഡ് ലൈഫ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായി 1999ലാണ് കമ്പനി ആരംഭിച്ചത്.
ചെറുകിട നിക്ഷേപകരുടെയും നിക്ഷേപ സ്ഥാപനങ്ങളുടെയും ഉള്‍പ്പെടെ 93 ലക്ഷം അക്കൗണ്ടുകളാണ് എച്ച്‌ഡിഎഫിസി എഎംസിക്കുള്ളത്. സജീവമായി കൈകാര്യം ചെയ്യുന്ന ഇക്വിറ്റി ഫണ്ടുകളില്‍ ഏറ്റവും ഉയര്‍ന്ന വിപണി പങ്കാളിത്തം എച്ച്‌ഡിഎഫ്‌സി എഎംസിക്കാണുള്ളത്. ഇന്ത്യയിലെ നാല് മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരില്‍ ഒരാള്‍ എച്ച്‌ഡിഎഫ്‌സി എഎംസിയില്‍ നിക്ഷേപിക്കുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഉയര്‍ന്ന ആസ്‌തിയുള്ള നിക്ഷേപകര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ട്രസ്റ്റുകള്‍ക്കും പ്രൊവിഡന്റ് ഫണ്ടുകള്‍ക്കും ആഭ്യന്തര, വിദേശ സ്ഥാപനങ്ങള്‍ക്കുമായി പോര്‍ട്‌ഫോളിയോ മാനേജ്‌മെന്റ ് ഉള്‍പ്പെടെയുള്ള സേവനങ്ങളും കമ്പനി നല്‍കുന്നു. നിലവില്‍ കമ്പനിക്ക് ഇരുന്നൂറിലേറെ നഗരങ്ങളിലായി 75,000 എംപാനല്‍ ചെയ്‌ത വിതരണക്കാരും 211 ശാഖകളുമുണ്ട്.
ബിസിനസില്‍ വളര്‍ച്ചയുടെ പുതിയ പ്രഭാ തം പൊട്ടിവിരിയുന്ന മേഖലകളെയാണ് `സണ്‍ റൈസ് സെക്‌ടര്‍’ എന്ന് വിശേഷിപ്പിക്കുന്നത്. അസറ്റ് മാനേജ്‌മെന്റ് അത്തരമൊരു മേഖലയാണ്. ഓഹരി വിപണിയിലെ നിക്ഷേപം വര്‍ധിച്ചുവരുന്നത് ഏറ്റവും പ്രയോജനപ്പെടുന്നത് മ്യൂച്വല്‍ ഫണ്ടുകള്‍ക്കാണ്. മികച്ച ആസ്‌തി വളര്‍ച്ചയാണ് അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ കൈവരിക്കുന്നത്.
നിലവില്‍ ഇന്ത്യയിലെ ജനസംഖ്യയുടെ മൂന്ന് ശതമാനം പേര്‍ മാത്രമാണ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ മ്യൂച്വല്‍ ഫണ്ടുകളിലേക്ക് നിക്ഷേപകര്‍ കൂടുതലായി എത്തുന്നതാണ് കണ്ടത്. മ്യൂച്വല്‍ ഫണ്ട് എന്ന മാര്‍ഗത്തിന്റെ സാധ്യതകള്‍ മനസിലാക്കി കൂടുതല്‍ നിക്ഷേപകര്‍ ഈ മേഖലയിലേക്ക് കടന്നെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ക്ക് മുന്നില്‍ വലിയ അവസരങ്ങളാണ് തുറന്നിട്ടിരിക്കുന്നത്. ഈ മേഖലയിലെ നമ്പര്‍ വണ്‍ കമ്പനി എന്ന നിലയില്‍ എച്ച്‌ഡിഎഫ്‌സി എഎംസിക്ക് ഈ അവസരങ്ങള്‍ കൂടുതല്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താനാകും.
നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ എച്ച്‌ഡിഎഫ്‌സി എഎംസി മികച്ച പ്രകടനമാണ് കാഴ്‌ച വെച്ചത്. 302 കോടി രൂപയാണ് ഈ ത്രൈമാസത്തിലെ കമ്പനിയുടെ ലാഭം. മുന്‍ വര്‍ഷം സമാന കാലയളവിനേക്കാള്‍ ലാഭത്തിലുണ്ടായ വളര്‍ച്ച 3 ശതമാനമാണ്. 292 കോടി രൂപയായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമാന കാലയളവിലെ ലാഭം.