Web Desk
പാട്ന: പാട്നയില്‍ കോവിഡ് ബാധിച്ച് നവവരന്‍ മരിച്ചതിന് പിന്നാലെ വിവാഹത്തില്‍ പങ്കെടുത്ത 95 പേർക്കും രോഗം സ്ഥിരീകരിച്ചു. ഗുരുഗ്രാമില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ജോലിചെയ്യുന്ന 30കാരനാണ് വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. ഈമാസം 17-നായിരുന്നു വിവാഹം.
കോറോണ പരിശോധന നടത്താതെയാണ് യുവാവിന്‍റെ മൃതദേഹം സംസ്ക്കരിച്ചത്. യുവാവിന് കൊറോണ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി ചടങ്ങില്‍ പങ്കെടുത്ത ചിലര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ചടങ്ങില്‍ പങ്കെടുത്തവരെ കോവിഡ് ടെസ്റ്റിന് വിധേയരാക്കിയത്.
ആദ്യ പരിശോധനയില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പിന്നീട് സമ്പര്‍ക്കപ്പട്ടികയിലുള്ള നൂറോളം പേരെ നിരീക്ഷിക്കുകയും ഇതില്‍ 80 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. യുവാവിന്‍റെ മരണം ബന്ധുക്കള്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചില്ലെന്നും അനുമതി ലഭിക്കുന്നതിന് മുന്‍പ് തന്നെ മൃതദേഹം മറവുചെയ്തതാണ് ഇത്രയും ഗുരുതര സാഹചര്യത്തിലേക്ക് എത്തിച്ചതെന്നും അധികൃതര്‍ പറഞ്ഞു.
വിവാഹവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസമാണ് യുവാവ് നാട്ടിലെത്തിയത്. ഈ സമയം രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. ഇയാള്‍ക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്നും വ്യക്തമല്ല. പ്രദേശത്ത് ജാഗ്രത നിര്‍ദേശം പ്രഖാപിച്ചിരിക്കുകയാണ്. കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്നറിയാന്‍ കൂടുതല്‍ പരിശോധന നടത്താന്‍ ഒരുങ്ങുകയാണ് അധികൃതര്‍.