തിരുവനന്തപുരം: ഈമാസം 31-ന് പ്രത്യേക നിയമഭാ സമ്മേളനം ചേരാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി. കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കാനാണ് പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത്. പ്രത്യേക നിയമസഭാ സമ്മേളനത്തിന് ആദ്യം അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടി ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് പ്രത്യേക നിയമസഭാ സമ്മേളനം ചേരേണ്ടതിന്റെ അടിയന്തര സാഹചര്യം വിശദീകരിച്ച് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍, നിയമ വകുപ്പ് മന്ത്രി എ.കെ ബാലനും ക്രിസ്മസ് ദിനത്തില്‍ ഗവര്‍ണറെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തിരുന്നു.
കേന്ദ്രത്തില്‍ കാര്‍ഷിക സമരം തുടരുമ്പോള്‍ അത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെയും ബാധിക്കും. അതുകൊണ്ടുതന്നെ കേരളത്തിന്റെ വികാരം പ്രകടിപ്പിക്കാന്‍ അവസരം നല്‍കണം എന്നായിരുന്നു മന്ത്രിമാര്‍ പ്രധാനമായും ആവശ്യപ്പെട്ടത്. ഈ ആവശ്യം ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു.










